മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. എല്ലാ പദവികളില്‍ നിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവച്ചു. ജമ്മു കശ്മീര്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷന്‍ സ്ഥാനത്തു നിന്നും രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവച്ച് ദിവസങ്ങള്‍ക്കകമാണ് പാര്‍ട്ടിയില്‍ നിന്നുള്ള രാജി.
പാര്‍ട്ടി ദേശീയ നേതൃത്വവുമായി ഏറെനാളായി ഭിന്നതയില്‍ കഴിയുകയായിരുന്നു ഗുലാം നബി ആസാദ്. ജമ്മു കശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനത്ത് നിയമിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹം രാജിവച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് ശേഷം ജമ്മു കശ്മീര്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും അദ്ദേഹം രാജിവച്ചിരുന്നു.
കോണ്‍ഗ്രസിന്റെ അഖിലേന്ത്യ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ ആസാദിനെ ജമ്മു കശ്മീര്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിയമിച്ചത് തരംതാഴ്ത്തലായാണ് കണക്കാക്കുന്നതെന്ന് ആസാദിനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. ആസാദിന്റെ അടുത്ത സുഹൃത്തായ ഗുലാം അഹമ്മദ് മിറിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതും ഭിന്നതയുടെ കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു.