തിരുവനന്തപുരം കാട്ടാക്കടയില്‍ തോക്ക് ചൂണ്ടി മോഷണം. കളിയാക്കോട് സ്വദേശി രതീഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഈ സമയം രതീഷിന്റെ ഭാര്യാമാതാവ് കുമാരിയും മകളും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. മോഷ്ടാക്കള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കുമാരിയുടെ കമ്മലുകള്‍ ഊരിവാങ്ങി. എന്നാല്‍ കമ്മലുകള്‍ മുക്കുപണ്ടമാണെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ സംഘം മുടിമൂടി ധരിച്ചിരുന്നു. വീട്ടില്‍ അതിക്രമിച്ചെത്തിയ സംഘം കുമാരിയേയും കൊച്ചുമകളേയും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് തോക്ക് ചൂണ്ടി കമ്മല്‍ ഊരിവാങ്ങുകയായിരുന്നു. ഇവരെ മര്‍ദിച്ച ശേഷം ബൈക്കില്‍ കയറി രക്ഷപ്പെടുകയും ചെയ്തു.
സംഭവത്തില്‍ കാട്ടക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടിച്ചത് മുക്കുപണ്ടമാണെങ്കിലും പട്ടാപ്പകല്‍ നടന്ന സംഭവത്തെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. സംഭവത്തില്‍ പ്രദേശത്തെ കഞ്ചാവ് മാഫിയകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.