യുക്രൈനിലെ സപോര്‍ഷിയ ആണവ നിലയത്തിന് നേരെ റഷ്യന്‍ ആക്രമണം. റഷ്യ നടത്തിയ വെടിവയ്പില്‍ ആണവ നിലയത്തിന് തീപിടിച്ചു. വെടിവയ്പ് തുടരുന്നതിനാല്‍ അഗ്നിശമന സേനയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമാണിത്.
ആണവ നിലയം പൊട്ടിത്തെറിച്ചാല്‍ ചെര്‍ണോബിനേക്കാള്‍ പത്ത് മടങ്ങ് വലുതായിരിക്കുമെന്ന് യുക്രൈന് വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. റഷ്യന്‍ സേന എല്ലാ ഭാഗത്തു നിന്നും വെടിയുതിര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈനിലെ റഷ്യന്‍ അധിനിവേശം ഒന്‍പതാം ദിനവും തുടരുകയാണ്. ഒഡേസ പിടിച്ചെടുക്കാനായി കൂടുതല്‍ റഷ്യന്‍ സൈന്യമെത്തുമെന്നാണ് റിപ്പോര്‍ട്ട്. യുക്രൈന് തലസ്ഥാനമായ കീവിലും പ്രധാനനഗരമായ ഖാര്‍ഖീവിലും റഷ്യ വ്യോമാക്രമണങ്ങള്‍ തുടരുകയാണ്. യുക്രൈനിലെ കേഴ്സണ്‍ നഗരം പിടിച്ചെടുത്തതോടെ ഒഡേസയും ഡോണ്‍ബാസും ലക്ഷ്യംവച്ചാണ് റഷ്യന്‍ നീക്കം. ഒഡേസയില്‍ കൂടുതല്‍ റഷ്യന്‍ സേനയെ എത്തിച്ചു.