ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട മാലിദ്വീപ് വനിത ഫൗസിയ ഹസന് അന്തരിച്ചു. ദീര്‍ഘ നാളായി അര്‍ബുദ ബാധിതയായായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
1994ലാണ് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ട് ചാരവൃത്തി ആരോപിച്ച് ഇന്ത്യന്‍ പൊലീസ് ഫൗസിയ ഹസനെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് 1997 ഡിസംബര്‍ വരെ ഇവര്‍ ജയില്‍വാസം അനുഭവിച്ചു. നമ്പി നാരായണന് ഉള്‍പ്പെട്ട കേസിലെ രണ്ടാം പ്രതിയായിരുന്നു ഫൗസിയ.
1942 ജനുവരി 8നാണ് ഫൗസിയയുടെ ജനനം. മാലി ആമിനിയ്യ സ്കൂള്‍, കൊളംബോ പോളിടെക്നിക്ക് (ശ്രീലങ്ക) എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മാലദ്വീപിലെ നാഷനല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ സെന്‍സറിങ് ഓഫിസറായിരുന്ന ഫൗസിയ നൂറോളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1985-ല്‍ സിദ്ധ എന്ന ചിത്രത്തിലൂടെയാണ് അവര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2008ലേയും 2019ലേയും ഗൗമി ഫിലിം അവാര്‍ഡ്സില്‍ മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.