റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ പുതിയ ഐ.പി.എല്‍ സീസണില്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരം ഫാഫ് ഡുപ്ലസി നയിക്കും. വിരാട് കോലി ക്യാപ്റ്റന്‍സി ഒഴിഞ്ഞ ശേഷമുള്ള ബാംഗ്ലൂരിന്റെ ആദ്യ ഐ.പി.എല്‍ സീസണാണ് വരാനിരിക്കുന്നത്.
സ്ഥാനമൊഴിഞ്ഞ വിരാട് തന്നെ ബാംഗ്ലൂരിന്റെ ക്യാപ്റ്റനായി തിരിച്ചുവന്നേക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് ഫാഫ് ഡുപ്ലസിയെ ക്യാപ്റ്റനാക്കിയത്. കഴിഞ്ഞ സീസണിന്റെ പകുതിയോടെയാണ് ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് സീസണിന ശേഷം താന്‍ നായകസ്ഥാനത്തു നിന്ന് രാജിവയ്ക്കുകയാണെന്ന് വിരാട് പ്രഖ്യാപിക്കുന്നത്. നായകസ്ഥാനത്ത് നിന്ന് വിരമിച്ചെങ്കിലും ടീമിന്റെ ഭാഗമായി തുടരുമെന്നും കോലി അറിയിച്ചിരുന്നു.
നായകനെന്ന നിലയില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ കഴിഞ്ഞ പത്ത് സീസണുകളിലായി കോലിയാണ് നയിച്ചിരുന്നത്. 132 മത്സരങ്ങളില്‍ ബാംഗ്ലൂരിനെ നയിച്ചെങ്കിലും ഒരു തവണ പോലും ബാംഗ്ലൂരിനെ കിരീടനേട്ടത്തിലേക്കെത്തിക്കാന്‍ കോലിക്ക് സാധിച്ചിരുന്നില്ല.