വീണ്ടും ഒരു ഓണക്കാലം കൂടി വരികയാണ്. വലിയ പ്രതിസന്ധികൾക്കിടയിലും ഓണം ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ. നമുക്കൊപ്പം കൂടുകയാണ് ഇത്തവണ ഫേസ്ബുക്കും. കോവിഡ് സാഹചര്യം കാരണം എല്ലാ മേഖലയിലുള്ള ഒരുപോലെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഓണമെന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന പുലികളി കലാകാരന്മാരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നമ്മൾ ആലോചിച്ചിട്ടുണ്ടോ? അവരെ ചേർത്തുപിടിച്ചുകൊണ്ട് ആണ് ഫേസ്ബുക്ക് ഇത്തവണത്തെ ഓണം ആഘോഷവും തീരുമാനിച്ചിരിക്കുന്നത്. പുലികളി കലാകാരന്മാരെ അണിനിരത്തി ഒരു ഷോർട്ട് ഫിലിം ആണ് ഫേസ്ബുക്ക് ഇത്തവണ ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുമ്പിൽ സമർപ്പിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ഇപ്പോൾ ഈ ഹസ്വചിത്രം.
“ഒരുമിച്ചു നിന്നാൽ കൂടുതൽ സാധ്യം” എന്ന ആശയം ഉൾക്കൊണ്ടു കൊണ്ടാണ് ഈ ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. “ജനങ്ങൾ ഒറ്റയ്ക്ക് നിൽക്കുന്നതിനു പകരം ഒരുമിച്ച് നിന്നാൽ കൂടുതൽ കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും എന്ന തത്വത്തിൽ ആണ് ഫേസ്ബുക്ക് വിശ്വസിക്കുന്നത്. ഇത്തവണത്തെ ഓണത്തിന് ഞങ്ങൾ സമർപ്പിക്കുന്ന ഹ്രസ്വചിത്രം ഈ വിഷയത്തിൽ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. തികച്ചും അസാധാരണമായ ഈ കാലഘട്ടത്തിലും നമുക്ക് ആഘോഷങ്ങളുടെ പുതിയ വഴികൾ തുറക്കാമെന്ന് കാണിച്ചു തരുന്നതാണ് ഈ ഹ്രസ്വചിത്രം” – ഫെയ്സ്ബുക്ക് ഇന്ത്യ മാർക്കറ്റിംഗ് വിഭാഗം ഡയറക്ടർ അവിനാശ് പന്ത് അഭിപ്രായപ്പെട്ടു.
“ഓണക്കാലം ആഘോഷങ്ങളുടെ ദിനമാണ്. എല്ലാവർഷവും ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടുവാൻ ഞങ്ങൾ പുലികളി കലാകാരന്മാർ ഉണ്ടാകാറുണ്ട്. എന്നാൽ കഴിഞ്ഞവർഷം കൊവിഡിൽ സാഹചര്യം കാരണം ഞങ്ങൾക്ക് നിങ്ങളിലേക്ക് എത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ ഫേസ്ബുക്ക് ഞങ്ങളെ നിങ്ങളുടെ അടുത്തേക്ക് എത്തിക്കുകയാണ്. ഇത്തവണ ഓൺലൈനായി ഞങ്ങൾ മലയാളികളുടെ വീട്ടു മുറ്റത്ത് എത്തും” – അയ്യന്തോൾ ദേശം പുലികളി സംഘാടക സമിതിയിലെ കൃഷ്ണപ്രസാദ് അഭിപ്രായപ്പെട്ടു.
ഇത്തവണ വെർച്വൽ ആയി പുലികളി ആഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകുകയാണ് ഫേസ്ബുക്ക്. ഓഗ്മെൻ്റ് റിയാലിറ്റി വഴിയാണ് ഫേസ്ബുക്ക് ഇത് സാധ്യമാക്കുന്നത്. ഇതിലൂടെ ഫേസ്ബുക്ക് അക്കൗണ്ട് ഉള്ളവർക്ക് പുലിയുടെ ഗർജിക്കുന്ന ഫിൽറ്റർ മാസ്ക് അണിഞ്ഞു എല്ലാവർഷവും പുലികളി നടക്കുന്ന തൃശ്ശൂരിലെ സ്വരാജ് റൗണ്ടിൽ വെർച്വൽ ആയി പങ്കെടുക്കാൻ സാധിക്കും. ഓഗസ്റ്റ് 19 മുതൽ ആയിരിക്കും ഇത് ഫേസ്ബുക്കിൽ ലഭ്യമാകുന്നത് എന്നും അധികൃതർ അറിയിച്ചു.