ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍. വി രമണ സത്യവാചകം ചൊല്ലി കൊടുത്തു.
പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലാണ് ചടങ്ങുകള്‍ നടന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യ രാഷ്ടപതിയെന്ന ഖ്യാതി കൂടി ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാരോഹണത്തിനുണ്ട്.
പ്രതിപക്ഷ നിരയില്‍ നിന്ന് പോലും വോട്ടുകള്‍ സമാഹരിച്ചാണ് 64 ശതമാനം പിന്തുണ ഈ 64 കാരി നേടിയത്. ആദിവാസി വിരുദ്ധമായ ബി.ജെ.പി സര്‍ക്കാരിന്റെ ബില്‍ തിരിച്ചയച്ച ജാര്‍ഖണ്ഡ് ഗവര്‍ണറാണ് ദ്രൗപദി മുര്‍മു. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പദവിയിലേക്ക് പരിഗണിക്കുന്ന ആദ്യ വ്യക്തിയെന്ന പ്രത്യേകതയും ദ്രൗപദി മുര്‍മുവിനുണ്ട്.
ഒഡിഷയില്‍ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുര്‍മു. ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. കൗണ്‍സിലറായാണ് ദ്രൗപതി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റൈരംഗ്പൂര്‍ ദേശീയ ഉപദേശക സമിതിയുടെ വൈസ് ചെയര്‍പേഴ്സണായി. 2013ല്‍ ഒഡീഷയിലെ പാര്‍ട്ടിയുടെ പട്ടികവര്‍ഗ മോര്‍ച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
2000ത്തിലാണ് ദ്രൗപതി മുര്‍മു ഒഡിഷ നിയമസഭയിലേക്ക് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിക്കുന്നത്. റെയ്റാങ്പുര്‍ മണ്ഡലത്തില്‍ നിന്നാണ് എംഎല്‍എയായി ജയിച്ചത്. തുടര്‍ച്ചയായി രണ്ട് തവണ എംഎല്‍എയായി. 2000ത്തില്‍ ആദ്യവട്ടം എംഎല്‍എയായപ്പോള്‍ തന്നെ മന്ത്രിപദം തേടിയെത്തി. ആദ്യം വാണിജ്യ-ഗതാഗത മന്ത്രി സ്ഥാനവും പിന്നീട് ഫിഷറീസ്-മൃഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു. 2007ല്‍ ഒഡിഷയിലെ ഏറ്റവും മികച്ച എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. 2015ല്‍ ദ്രൗപതിയെ ജാര്‍ഖണ്ഡിന്റെ ഗവര്‍ണറായി നിയമിച്ചു. ജാര്‍ഖണ്ഡില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ ഗവര്‍ണറായി ദ്രൗപതി മുര്‍മു മാറി.
1958 ജൂണ്‍ 20നാണ് മയൂര്‍ഭഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തില്‍ ദ്രൗപതി മുര്‍മു ജനിച്ചത്. ബിരാഞ്ചി നാരായണ്‍ തുഡുവാണ് പിതാവ്. ആദിവാസി വിഭാഗമായ സാന്താള്‍ കുടുംബത്തിലായിരുന്നു ജനനം. രമാദേവി വിമന്‍സ് യൂണിവേഴ്സിറ്റിയിലായിരുന്നു വിദ്യാഭ്യാസം. ശ്യാംചരണ്‍ മുര്‍മുവിനെ വിവാഹം ചെയ്തു. രണ്ട് ആണ്മക്കളും ഒരു പെണ്‍കുട്ടിയുമാണ് ദ്രൗപതി മുര്‍മുവിന്. രണ്ട് ആണ്മക്കളും ഭര്‍ത്താവും മരിച്ചു.