സോഷ്യല്‍ മീഡിയയിലുള്ള ചാറ്റിംഗ് നിര്‍ത്തിയെന്ന് ആരോപിച്ച് പതിനാറുകാരിക്ക് നേരെ വെടിയുതിര്‍ത്ത് യുവാക്കള്‍. ഡല്‍ഹിയിലാണ് സംഭവം നടന്നത്. വെടിയുതിര്‍ത്ത യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബോബി, പവന് എന്നിവരാണ് പൊലീസ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ അര്മാന് അലിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
അര്മാന് അലി സമൂഹമാധ്യമം വഴി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. മെസേജുകള്‍ അയക്കുന്നത് പെണ്‍കുട്ടി നിര്‍ത്തിയതിനു പിന്നാലെയാണ് ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിക്ക് നേരെ വെടിയുതിര്‍ത്തതെന്ന് പൊലീസ് അറിയിച്ചു. അര്മാന് അലിയും പെണ്‍കുട്ടിയും തമ്മില്‍ രണ്ടു വര്‍ഷമായി സൗഹൃദത്തിലായിരുന്നു. കഴിഞ്ഞ ആറ് മാസമായി പെണ്‍കുട്ടി ഇയാളുമായി സംസാരിച്ചിരുന്നില്ല. ഇതില്‍ പ്രകോപിതനായ അര്മാന് അലി പെണ്‍കുട്ടിയെ ആക്രമിക്കാനുള്ള പദ്ധതിയൊരുക്കുകയായിരുന്നു.
ഡല്‍ഹി സംഗം വിഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടി പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്കൂളില്‍ നിന്ന് തിരിച്ചു വരുന്ന വഴിയിലാണ് പെണ്‍കുട്ടിക്ക് വെടിയേറ്റത്. പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.