മരിച്ചെന്ന് കരുതി മറവ് ചെയ്ത കുഞ്ഞിന് ജീവന്റെ തുടിപ്പ്. ജമ്മു കശ്മീരിലെ ബനിഹാലിലെ സബ് ജില്ലാ ആശുപത്രിയിലാണ് സംഭവമുണ്ടായത്. കുഞ്ഞ് മരിച്ചെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മറവ് ചെയ്യുകയായിരുന്നു. ആദ്യം അടക്കം ചെയ്ത ശ്മശാനത്തില്‍ നിന്ന് മാറ്റി പൂര്‍വീകരുടെ ശ്മശാനനത്തില്‍ മറവുചെയ്യുന്നതിന് വേണ്ടിയാണ് കുഞ്ഞിനെ പുറത്തെടുത്തത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. ബങ്കൂട്ട് സ്വദേശി ബഷാരത്ത് അഹമ്മദിന്റെ ഭാര്യ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി. എന്നാല്‍ പ്രസവ സമയത്ത് തന്നെ കുഞ്ഞ് മരിച്ചതായി ആശുപത്രി അധികൃതര്‍ വീട്ടുകാരെ അറിയിച്ചു. പിന്നീട് വീട്ടുകാര്‍ കുഞ്ഞിനെ സംസ്കരിക്കാനായി ഹോളന് ഗ്രാമത്തിലേക്ക് കൊണ്ടുപോയി.
ഈ ശ്മശാനത്തില്‍ കുഞ്ഞിനെ അടക്കിയപ്പോള്‍ ഗ്രാമവാസികളില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്നാണ് മറ്റൊരു ശ്മശാനത്തില്‍ മറവുചെയ്യാനായി കുഞ്ഞിനെ പുറത്തെടുത്തത്. ഒരു മണിക്കൂറിന് ശേഷം കുഞ്ഞിനെ കുഴിമാടത്തില്‍നിന്ന് പുറത്തെടുത്തപ്പോള്‍ ജീവനുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സക്കു ശേഷം ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സയ്ക്കായി ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ബ് ജില്ലാ ആശുപത്രിയിലെ രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.