നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബില്‍ എത്തണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ചെന്നൈയിലാണ് കാവ്യ മാധവനുള്ളത്. ചോദ്യം ചെയ്യലിന് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവിടെയെത്തി ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ശബ്ദരേഖയിലെ സൂചനയുടെ അടിസ്ഥാനത്തിലാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി.എന്‍ സുരാജും സുഹൃത്തും വ്യവസായിയുമായ എസ്. ശരത്തും തമ്മിലുള്ള സംഭാഷണമാണ് ശബ്ദരേഖയിലുള്ളത്. സുഹൃത്തുക്കളായിരുന്ന അതിജീവിതയും കാവ്യാ മാധവനും തമ്മിലുള്ള പിണക്കവും വൈരാഗ്യവുമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്.
കാവ്യയെ കുടുക്കാന്‍ കൂട്ടുകാരികള്‍ ശ്രമിച്ചെന്നും അവര്‍ക്ക് കാവ്യ നല്കിയ പണിയാണ് സംഭവമെന്നാണ് പറയുന്നത്. ദിലീപിന് അതില്‍ ബന്ധമില്ല. ശബ്ദരേഖയിലുള്ളത് സുരാജിന്റേയും ശരത്തിന്റേയും ശബ്ദമാണെന്ന് ദിലീപ് സമ്മതിച്ചിരുന്നു. എന്നാല്‍ കേസില്‍ തനിക്കും കാവ്യക്കും ബന്ധമില്ലെന്നാണ് ദിലീപ് പറയുന്നത്.