ഭാരത് ജോഡോ യാത്രാ പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രംവച്ച സംഭവത്തില്‍ നടപടിയുമായി കോണ്‍ഗ്രസ്. ഐഎന്‍ടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ സസ്പെന്‍ഡ് ചെയ്തു. ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി എറണാകുളം നെടുമ്പാശ്ശേരി അത്താണിയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡാണ് വിവാദമായത്. ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുകയായിരുന്നു.
അബദ്ധം മനസിലായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി മഹാത്മാ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ച് മറച്ചെങ്കിലും, സംഭവം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. പ്രചാരണ ബോര്‍ഡ് സ്പോണ്സര് ചെയ്ത പാര്‍ട്ടി അനുഭാവിക്ക് സംഭവിച്ച പിഴവാണിതെന്നും അബദ്ധം ശ്രദ്ധയില്‍പെട്ടപ്പോള്‍ ഉടന്‍ തിരുത്തിയെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിച്ചു.
സംഭവത്തില്‍ വിശദീകരണവുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് രംഗത്തെത്തി. അതൊരു അച്ചടി പിശകായിരുവെന്നും അക്ഷരാഭ്യാസമില്ലാത്ത ഒരു സാധരണ പ്രവര്‍ത്തകന്റെ ഭാഗത്തുനിന്നുമുണ്ടായ ഉത്തരവാദിത്തരഹിതമായ സംഭവമാണെന്നും മുഹമ്മദ് ഷിയാസ് ഒരു മാധ്യമത്തോട് പ്രതികരിച്ചു.