നടന് വിക്രമിന് ഹൃദയാഘാതം സംഭവിച്ചുവെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനെ തള്ളി വിക്രമിന്റെ മാനേജര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വാര്‍ത്തകള്‍ വേദനിപ്പിച്ചു എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് വിക്രമിന്റെ മകനും നടനുമായ ധ്രുവ് വിക്രം. അപ്പയ്ക്ക് ഹൃദയാഘാതമല്ലെന്നും നെഞ്ചില്‍ ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ് ധ്രുവ് വ്യക്തമാക്കിയിരിക്കുന്നത്.
‘പ്രിയപ്പെട്ട ആരാധകരേ.. അപ്പക്ക് നേരിയ രീതിയില്‍ നെഞ്ചിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ത്തകള്‍ പ്രചരിക്കുന്നത് പോലെ അദ്ദേഹത്തിന് ഹൃദയാഘാതം ഇല്ല. ഇത്തരം കിംവദന്തികള്‍ ഏറെ വേദനയുണ്ടാക്കുന്നുണ്ട്. അദ്ദേഹത്തിന്റേയും ഞങ്ങളുടെ കുടുംബത്തിന്റേയും സ്വകാര്യതയെ മാനിക്കണമെന്ന് നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. ചിയാന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു. ഒരു ദിവസത്തിനകം ആശുപത്രി വിടാന്‍ സാധിക്കുമെന്ന് കരുതുന്നു. ധ്രുവ് കുറിച്ചു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് വിക്രമിനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിക്പമിന് ഹൃദയാഘാതം സംഭവിച്ചുവെന്നും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നുമാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെതിരെയാണ് ധ്രുവും മാനേജറും രംഗത്തെത്തിയത്.