കൊവിഡിനെ തുടര്‍ന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കേര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീക്കി ചൈന. ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് കോഴ്സുകള്‍ പൂര്‍ത്തിയാക്കാന്‍ വിസ നല്‍കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
”ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഊഷ്മളമായ അഭിനന്ദനങ്ങള്‍! നിങ്ങളുടെ ക്ഷമയെ വിലമതിക്കുന്നു. എനിക്ക് നിങ്ങളുടെ ആവേശവും സന്തോഷവും ശരിക്കും ഊഹിക്കാന്‍ കഴിയും. ചൈനയിലേക്ക് വീണ്ടും സ്വാഗതം’ ചൈനയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യന്‍കാര്യ വകുപ്പ് കൗണ്‍സിലര്‍ ജി റോങ് ട്വീറ്റ് ചെയ്തു.
ഇതിനോടകം മെഡിസിന് ഉള്‍പ്പെടെ വിവിധ കോഴ്സുകളില്‍ 23,000ത്തോളം വിദ്യാര്‍ത്ഥികളാണ് ചൈനയിലേക്ക് മടങ്ങാന്‍ ബെയ്ജിംഗിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വാണിജ്യ, വ്യാപാര ആവശ്യങ്ങള്‍ക്കായുള്ള എം വിസ, പഠന ടൂറുകള്‍, മറ്റ് വാണിജ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി യാത്ര ചെയ്യുന്നവര്‍ക്കുള്ള എഫ് വിസ, ജോലിക്കായി എത്തുന്നവര്‍ക്കുള്ള ഇസഡ് വിസ എന്നീ വിസകളും ചൈന പ്രഖ്യാപിച്ചിട്ടുണ്ട്.