കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതിയുമായി കേന്ദ്ര ബാലാവകാശ കമ്മിഷന്. ഭാരത് ജോഡോ യാത്രക്കിടെ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മിഷന് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.
ഭാരത് ജോഡോ യാത്രക്കിടയിലെ പല ദൃശ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് പരാതി. കുട്ടികളുടെ മാനസിക ആരോഗ്യത്തെ ഇത് ബാധിക്കുമെന്നും ജവഹര്‍ ബാല്‍ മഞ്ചാണ് ഇതിന് പിന്നിലെന്നും ബാലാവകാശ കമ്മിഷന് ആരോപിച്ചു. വിഷയത്തില്‍ അന്വേഷണവും നടത്തി നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ബാലാവകാശ കമ്മിഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മൂന്നാം ദിവസമാണ് ഇന്ന് കേരളത്തില്‍ പര്യടനം നടത്തിയത്. കഴക്കൂട്ടത്ത് നിന്ന് ആരംഭിച്ച പര്യടനം കല്ലമ്പലത്താണ് സമാപിച്ചത്. കഴിഞ്ഞയാഴ്ചയാണ് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍നിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലെത്തിയ യാത്ര പുരോഗമിക്കുകയാണ്. പതിനെട്ടു ദിവസമാണ് കേരളത്തില്‍ പദയാത്ര ഉണ്ടാവുക. സെപ്റ്റംബര്‍ ഏഴിന് ആരംഭിച്ച പര്യടനം കശ്മീരിലാണ് അവസാനിക്കുക.