എറണാകുളം മാമലയില്‍ കെ റയില്‍ സര്‍വേ തടസപ്പെടുത്തിയ നടപടിയില്‍ കണ്ടാല്‍ അറിയാവുന്ന 75 പേര്‍ക്കെതിരെ കേസ്. ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്, മുന്‍ എംഎല്‍എ വി.പി സജീന്ദ്രന് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്.
കോട്ടയം കുഴിവേലിപ്പടിയിലെ കെ റെയില്‍ വിരുദ്ധ സമരക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറിലധികം പേര്‍ക്കെതിരെയാണ് കേസ്. പെരുമ്പായിക്കാട് വില്ലേജ് ഓഫീസില്‍ കുറ്റിനാട്ടിയവര്‍ക്ക് എതിരെയും കേസ് ഉണ്ട്.
കല്ലിടാന്‍ മാമലയിലെത്തിയ സില്‍വര്‍ ലൈന്‍ സര്‍വ്വേ സംഘത്തെ നാട്ടുകാര്‍ തടയുകയായിരുന്നു. പിന്നാലെ പൊലീസുകാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പൊലീസ് ഗോ ബാക്ക് വിളികളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വേ കല്ല് തോട്ടിലെറിഞ്ഞത്.