അറസ്റ്റ് ശിക്ഷാനടപടിയായി ഉപയോഗിക്കരുതെന്ന് സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവ്. ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈറിന് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അറസ്റ്റ് ക്രിമിനല്‍ നിയമത്തില്‍ നിന്ന് ഉണ്ടാകുന്ന ഏറ്റവും ഗുരുതരമായ പ്രത്യാഘാതമായ വ്യക്തിസ്വാതന്ത്ര്യം നഷ്ടപ്പെടലിന് കാരണമാകുമെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും എ.എസ് ബൊപ്പണ്ണയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. ന്യായമായ വിചാരണയില്ലാതെ, ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം വ്യക്തികളെ ശിക്ഷിക്കരുത്. അറസ്റ്റ് ചെയ്യാനുള്ള അധികാരം നിയമത്തെ പരിഗണിക്കാതെ പ്രയോഗിക്കുമ്പോള്‍, അത് അധികാര ദുര്‍വിനിയോഗത്തിന് തുല്യമാണെന്നും സുപ്രിംകോടതി പറഞ്ഞു.
ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ജാമ്യം തേടിയാണ് മുഹമ്മദ് സുബൈര്‍ കോടതിയെ സമീപിച്ചത്. ഒരു ഹിന്ദി സിനിമയില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ട് പങ്കുവച്ച് നാല് വര്‍ഷം മുന്‍പ് പോസ്റ്റ് ചെയ്ത ട്വീറ്റിന്റെ പേരിലാണ് സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ചില തീവ്രഹിന്ദുത്വ നേതാക്കളെ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ എന്ന് വിളിച്ചത് ഉള്‍പ്പെടെയുള്ള പരാതികളിലും പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബി.ജെ.പി മുന്‍വക്താവ് നുപൂര്‍ ശര്‍മ നടത്തിയ പ്രവാചകനിന്ദ മുഹമ്മദ് സുബൈര്‍ സോഷ്യല്‍ മീഡിയയിലൂടെ ലോക ശ്രദ്ധയില്‍പ്പെടുത്തിയത്.