സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ ഒരു യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബ്ലാക്ക്ബെറി സര്‍വീസുകള്‍ നിര്‍ത്തുന്നു. ജനുവരി നാല് മുതല്‍ ബ്ലാക്ക്ബെറി ഡിവൈസുകള്‍ക്ക് സപ്പോര്‍ട്ട് ലഭ്യമാകില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഇന്‍ഹൗസ് സോഫ്റ്റ്വെയറുകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ് സെറ്റുകളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തുന്നത്. ബ്ലാക്ക് ബെറി 7.1 ഒ എസ്, ബ്ലാക്ക് ബെറി പ്ലേബുക്ക് ഒ എസ്, ബാക്ക് ബെറി 10 എന്നീ ഒഎസുകളെ അടിസ്ഥാനമാക്കിയുള്ള ഹാന്‍സെറ്റുകളുടെ പ്രവര്‍ത്തനമാവും നിലയ്ക്കുക. ക്യുവര്‍ട്ടി കീബോര്‍ഡ് ഫോണുകളാണ് ബ്ലാക്ക് ബെറിക്ക് പേരുനേടിക്കൊടുത്തത്. പ്രധാനമായും പ്രൊഫഷണലുകളാണ് ബ്ലാക്ക്ബെറി ഫോണുകള്‍ ഉപയോഗിച്ചിരുന്നത്. ഇ-മെയില്‍ സേവനങ്ങള്‍ അനായാസം ഉപയോഗിക്കാനാകുമെന്നതായിരുന്നു ബ്ലാക്ക്ബെറി ഫോണുകളുടെ പ്രത്യേകത. അകേസമയം, ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാക്ബെറി ഹാന്‍ഡ്സെറ്റുകളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കില്ല.
ഒന്റാറിയോ ആസ്ഥാനമായുള്ള ബ്ലാക്ക്ബെറി ലിമിറ്റഡ് 1990കളിലാണ് ശ്രദ്ധപിടിച്ചുപറ്റുന്നത്. ടച്ച്സ്ക്രീന്‍ ഫോണുകള്‍ വ്യാപകമായതോടെയാണ് ബ്ലാക്ക്ബെറിക്ക് ഹാന്‍ഡ്സെറ്റ് മേഖലയില്‍ കാലിടറി തുടങ്ങിയത്. 2016ല്‍ സ്മാര്‍ട്ട് ഫോണുകളുടെ ഉല്പാദനം ബ്ലാക്ക് ബെറി അവസാനിപ്പിച്ചിരുന്നു.