തമിഴ്നാട്ടില്‍ സ്വന്തം കാര്‍ കത്തിച്ച് ബിജെപി നേതാവ്. കാര്‍ അജ്ഞാതര്‍ കത്തിച്ചെന്ന ബിജെപി ജില്ലാ നേതാവ് സതീഷ് കുമാറിന്റെ പരാതിയിലാണ് വഴിത്തിരിവ്. സിസിടിവി ദൃശ്യങ്ങള്‍ വച്ചുള്ള ചോദ്യം ചെയ്യലില്‍ സതീഷ് കുമാര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
ബിജെപി തിരുവള്ളൂര്‍ വെസ്റ്റ് ജില്ല സെക്രട്ടറിയാണ് സതീഷ് കുമാര്‍. ചെന്നൈയിലെ മധുരവോയല്‍ മേഖലയിലെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന തന്റെ കാര്‍ ഏപ്രില്‍ 14 വ്യാഴാഴ്ച വൈകി അജ്ഞാതര്‍ കത്തിച്ചെന്ന് ആരോപിച്ച് സതീഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം നടത്തിയ പൊലീസ് തെരുവിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കാര്യം മാറി മറഞ്ഞത്.
വെള്ള ഷര്‍ട്ട് ധരിച്ച ഒരാള്‍ റോഡിന്റെ സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് വരുന്നതും തുടര്‍ന്ന് എല്ലാ വശങ്ങളില് നിന്ന് ജനലിലൂടെ അകത്തേക്ക് നോക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് പിന്നാലെ കറുത്ത വസ്ത്രം ധരിച്ച ആള് അവിടേയ്ക്ക് എത്തുകയും കാറില്‍ എന്തോ ഒന്ന് ഒഴിച്ച് തീയിടുന്നതും സിസിടിവി വിഡിയോയില്‍ വ്യക്തമാണ്. തീവച്ചയാള്‍ ഉടന്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുകയും ചെയ്യുന്നുണ്ട്.
കാറിന് തീപിടിക്കുന്നത് കണ്ട ആളുകള്‍ ഉടന്‍ തന്നെ ബിജെപി അംഗത്തിന്റെ കുടുംബത്തെ അറിയിക്കുകയും അവര്‍ പൊലീസുമായി ബന്ധപ്പെടുകയും ചെയ്തു. കാറിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞുവെന്ന അഭ്യൂഹം പരന്നതോടെ പൊലീസ് ഉടന്‍ സ്ഥലത്തെത്തി.
എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിച്ച പോലീസ്, കറുത്ത വസ്ത്രം ധരിച്ച് കാറിന് തീയിട്ടത് സതീഷ് കുമാറിനോട് സാമ്യമുള്ളതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തതോടെയാണ് സതീഷ് കുമാര്‍ സത്യം വെളിപ്പെടുത്തിയത്.