ബാലസോര്‍ (ഒഡീഷ): രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ മരണം 238 ആയി. 1000 ലേറെ പേര്‍ക്കു പരുക്കേറ്റുവെന്നാണ് വിവരം. അപകടം നടന്ന് പതിനഞ്ച് മണിക്കൂറിന് ശേഷവും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
നിരവധി പേര് തകര്‍ന്ന കോച്ചുകള്‍ക്കിടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പാളം തെറ്റിയ കോച്ചുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
അപകടത്തില്‍പ്പെട്ട ട്രെയിനിലെ ആളുകള്‍ കുടുങ്ങിക്കിടക്കുന്നെന്ന് സംശയിക്കുന്ന ബോഗി പൊളിച്ചുതുടങ്ങി. ബോഗിക്കകത്ത് മൃതദേഹങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ബോഗി മുറിച്ച് മാറ്റി തെരച്ചില്‍ നടത്താനാണ് രക്ഷാപ്രവര്‍ത്തകരുടെ സംഘത്തിന്റെ ശ്രമം.
ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു ഹൗറ (12864) സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊല്‍ക്കത്തയിലെ ഷാലിമാറില്‍ നിന്നു ചെന്നൈ സെന്‍ട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡല്‍ എക്സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു.
മറിഞ്ഞുകിടന്ന കൊറമാണ്ഡല്‍ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു. ഇന്നലെ രാത്രി 7.20നായിരുന്നു അപകടം.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയില്‍വേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനു രംഗത്തുണ്ട്.
അതേസമയം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവരില്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് 2 ലക്ഷം രൂപ വീതവും മറ്റുള്ളവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.