സംവിധായകന് ബി ഉണ്ണികൃഷ്ണന് ‘ഭീഷ്മ പര്‍വ്വം’ തിരക്കഥാകൃത്ത് ദേവദത്ത് ഷാജിയുമായി പുതിയ സിനിമ ചെയ്യുന്നുവെന്ന വാര്‍ത്ത എത്തിയിരുന്നു. സിനിമ പ്രേമികള്‍ ഈ വാര്‍ത്ത ആഘോഷമാക്കിയിരുന്നു.
ഇതിന് പിന്നാലെ ബി ഉണ്ണികൃഷ്ണന്-ദേവദത്ത് ഷാജി ചിത്രത്തിന്റെ നായകന് മോഹന്‍ലാല്‍ ആണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പ്രചരണം നടന്നിരുന്നു. ഈ വാര്‍ത്ത മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
നാളുകളായി ഹിറ്റുകള്‍ ഇല്ലാത്ത മോഹന്‍ലാലിന് ഈ ചിത്രം ഒരു ഹിറ്റ് സമ്മാനിക്കും എന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ഇപ്പോഴിത ആരാധകരെ നിരാശരാക്കുന്ന ഒരു വാര്‍ത്തയാണ് എത്തുന്നത്.
തങ്ങളുടെ ചിത്രത്തില്‍ നായകന് മോഹന്‍ലാല്‍ ആണെന്ന തരത്തിലുള്ള പ്രചരണം വ്യാജമാണെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന് ബി ഉണ്ണികൃഷ്ണനും ദേവദത്ത് ഷാജിയും.
സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ദേവദത്ത് ഇക്കാര്യം അറിയിച്ചത്.ശ്രീ. ബി.ഉണ്ണികൃഷ്ണന് സര് സംവിധാനം ചെയ്യുന്ന, എന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന അടുത്ത ചിത്രത്തിന്റെ എഴുത്തും ചര്‍ച്ചകളും പുരോഗമിക്കുന്നതേയുള്ളു.
ചിത്രത്തിലെ നായകനുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണ്.-എന്നാണ് ദേവദത്ത് കുറിച്ചത്.
എഴുത്ത് നടക്കുന്നതേയുള്ളൂ. സിനിമയിലെ നായകന്, മറ്റു കഥാപാത്രങ്ങള്‍, ടൈറ്റില്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമായിട്ടില്ലെന്ന് ബി ഉണ്ണികൃഷ്ണനും പറഞ്ഞു.
കുടുംബ പശ്ചാത്തലത്തില്‍ വൈകാരിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന കഥയാണ് സിനിമയുടേതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ട രചനയിലാണ് ഇപ്പോള്‍. ദേവദത്ത് ഷാജിയും താനും ഒന്നര വര്‍ഷത്തോളമായി ഈ സിനിമയുടെ ചര്‍ച്ചകളിലും എഴുത്ത് പണികളിലുമാണ് എന്ന് അദ്ദേഹം പറഞ്ഞു.