കുരങ്ങ് വസൂരി ഭീതി ഉയര്‍ന്നിരിക്കെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ ജാഗ്രതാ നിര്‍ദേശം. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവര്‍ക്ക് കത്തെഴുതി. ഡോക്ടര്‍മാരേയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും കുരങ്ങ് വസൂരിയുടെ ലക്ഷണങ്ങളെ കുറിച്ചു അവബോധമുണ്ടാക്കാനും രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ കര്‍ശന പരിശോധന നടത്താനും കേന്ദ്രം നിര്‍ദേശിച്ചു.
സംസ്ഥാനത്ത് ഒരാള്‍ക്ക് കുരങ്ങ് വസൂരിയെന്ന് സംശയമുണ്ട്. യു.എ.ഇയില്‍ നിന്ന് എത്തിയ ആള്‍ക്കാണ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇയാളെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സാമ്പിളുകള്‍ പരിശോധനക്കായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അയച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. കുരങ്ങ് വസൂരി സ്ഥിരീകരിച്ച ഒരാളുമായി ഇയാള്‍ക്ക് അടുത്ത സമ്പര്‍ക്കം ഉണ്ടെന്നും മന്ത്രി പറഞ്ഞു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗമാണ് കുരങ്ങ് വസൂരി. ശരീര ശ്രവങ്ങളിലൂടെയാണ് രോഗം പകരുക. മരണ നിരക്ക് കുറവാണ്. ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്. 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വാനരവസൂരി പകരാം. അണ്ണാന്, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ വാനര വസൂരി വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.