അപർണ ബാലമുരളി നായികയാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇനി ഉത്തരം. ചിത്രത്തിൻറെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ഒരു ഡാർക്ക് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഇത് എന്ന് ട്രെയിലർ സൂചന തരുന്നുണ്ട്. പുറത്തിറങ്ങിയതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ട്രെയിലർ സ്വന്തമാക്കുന്നത്. അപർണ ബാലമുരളിയുടെ ഇത് വരെയുള്ള കരിയറിലെ തീർത്തും വ്യത്യസ്തമായ കഥാപാത്രം തന്നെയാണ് ചിത്രത്തിൻറെ നട്ടെല്ല് എന്ന് ട്രെയിലറിൽ നിന്നും പ്രേക്ഷകർക്ക് പിടികിട്ടുന്നുണ്ട്.
സുധീഷ് രാമചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇനി ഉത്തരം. പ്രശസ്ത സംവിധായകൻ ജീതു ജോസഫിന്റെ അസോസിയേറ്റായി പല ചിത്രങ്ങളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിൻറെ അനുഭവസമ്പത്ത് വിളിച്ചോതുന്നതാണ് ട്രെയിലർ എന്ന് പ്രേക്ഷകർക്ക് മനസ്സിലാവുന്നുണ്ട്. അപർണ ബാലമുരളിക്ക് പുറമേ ചന്തു നാഥ്, കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി, സിദ്ദിഖ്, ഷാജു ശ്രീധർ, ഭാഗ്യരാജ്, ജയൻ ചേർത്തല, ദിനേശ് പി എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
എ ആൻഡ് വി ബാനറിൽ സഹോദരങ്ങളായ വരുൺ, അരുൺ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രവിചന്ദ്രനാണ് ചിത്രത്തിന് ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. തിരക്കഥ, സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത് രഞ്ജിത്ത് ഉണ്ണിയാണ്. ഹൃദയത്തിലൂടെ ശ്രദ്ധ നേടിയ ഹിഷാം അബ്ദുൽ വഹാബ് സംഗീതം നൽകിയ ചിത്രത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ട്രെയിലറിൽ എടുത്തു നിൽക്കുന്ന പശ്ചാത്തല സംഗീതം തീർച്ചയായും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുമെന്നത് തീർച്ച.
ജിതിൻ ഡി കെ ആണ് ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. റിന്നി ദിവാകർ, വിനോഷ് കൈമൾ എന്നിവർ ആണ് പ്രൊഡക്ഷൻ കൺട്രോളർമാർ.ജിതേഷ് പൊയ് മെയ്ക്ക് അപ്പ് നിർവഹിച്ചപ്പോൾ, സിനിമയുടെ കലാ വിഭാഗം അരുൺ മോഹനൻ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. വസ്രാലങ്കാരം ധന്യ ബാലകൃഷ്ണൻ നിർവഹിച്ചിരിക്കുന്നു. ജെഫിൻ ബിജോയ് ആണ് സ്റ്റിൽസ് എടുത്തിരിക്കുന്നത്. വൈശാഖ് സി വടക്കേവീട് ആണ് പി ആർ ഓ. ജോസ് ഡൊമിനിക്കാണ് പരസ്യകല. ദീപക് നാരായണൻ ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ.