റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ട കേസില്‍ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന് പുള്‍കിത് ആര്യയുടെ റിസോര്‍ട്ടിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാര്‍. വേശ്യാവൃത്തിയുടെയും ലഹരി ഉപയോഗത്തിന്റെയും കേന്ദ്രമായിരുന്നു റിസോര്‍ട്ടെന്ന് ജീവനക്കാര്‍ പറയുന്നു. ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ജീവനക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.
റിസോര്‍ട്ടിനുള്ളില്‍ വേശ്യാവൃത്തിയും ലഹരിയിടപാടും തങ്ങള്‍ കണ്ടിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. പുള്‍കിത് ചിലപ്പോള്‍ പ്രത്യേക അതിഥികളെ കൊണ്ടുവരുമായിരുന്നു. അവര്‍ക്കൊപ്പം പേരറിയാത്ത സ്ത്രീകളും വന്നിരുന്നു. അതിഥികള്‍ മുറിയില്‍ ഈ സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. അവര്‍ക്കായി വില കൂടിയ മദ്യവും കഞ്ചാവ് അടക്കമുള്ള ലഹരിയും എത്തിച്ചിരുന്നുവെന്നും മുന്‍ ജീവനക്കാര്‍ പറയുന്നു.
പുള്‍കിത് ആര്യ ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചിരുന്നതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിച്ചവരെ മോഷണം അടക്കമുള്ള കേസുകളില്‍ കുടുക്കാനുള്ള ശ്രമങ്ങളുമുണ്ടായി. സഹിക്കാന്‍ വയ്യാതെയാണ് രാജി വച്ചതെന്നും ഇവര്‍ വ്യക്തമാക്കി
ഭോഗ്പൂരിലെ റിസോര്‍ട്ടില്‍നിന്ന് കാണാതായ അങ്കിത ഭണ്ഡാരിയുടെ മൃതദേഹം ശനിയാഴ്ച രാവിലെയാണ് ഋഷികേഷിലെ കനാലില്‍നിന്ന് കണ്ടെടുത്തത്. സംഭവത്തില്‍ പുള്‍കിത്, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്കര്‍, അസി. മാനേജര്‍ അങ്കിത് ഗുപ്ത എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. സംഭവത്തിന് പിന്നാലെ റിസോര്‍ട്ട് പൊളിച്ച അധികൃതരുടെ നടപടി വിവാദമായിരുന്നു.