ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകന് അനില്‍ കെ. ആന്റണി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനൊപ്പം അനില്‍ ആന്റണി ബിജെപി ആസ്ഥാനത്തെത്തി.
അനില്‍ ആന്റണി ഉടന്‍ ബിജെപി അംഗത്വം സ്വീകരിക്കും എന്നാണ് റിപ്പോര്‍ട്ട്. പീയുഷ് ഗോയല്‍, വി.മുരളീധരന് എന്നിവരും ബിജെപി ആസ്ഥാനത്തുണ്ട്.
കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റുമായിരുന്നു അനില്‍ ആന്റണി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതോടെയാണ് അനില്‍ ആന്റണി കോണ്‍ഗ്രസുമായി തെറ്റിയത്. തുടര്‍ന്ന് പദവികളെല്ലാം രാജിവയ്ക്കുകയായിരുന്നു.
പിന്നീട് പല തവണയായി കോണ്‍ഗ്രസിനെ വിമര്‍ശിച്ച് അനില്‍ ആന്റണി രംഗത്ത് എത്തുകയും ചെയ്തിരുന്നു.2024ലെ പൊതുതിരഞ്ഞെടുപ്പ്, കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണെന്ന് അനില്‍ പറഞ്ഞിരുന്നു.
പിന്നീട് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസ് നടത്തിയ പരാമര്‍ശത്തെ ചാനല്‍ ചര്‍ച്ചയില്‍ അനില്‍ രൂക്ഷമായി വിമര്‍ശിച്ചു.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പിന്തുണച്ച് പരസ്യമായി രംഗത്തുവന്നതോടെ, അനിലിന്റെ ബിജെപി പ്രവേശനം കൂടുതല്‍ ചര്‍ച്ചയായി. ഇതിനിടയിലാണ് അനില്‍ ആന്റണി ബിജെപി ആസ്ഥാനത്ത് എത്തിയത്.