കാറപകടം; മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രു സിമണ്ട്‌സ് അന്തരിച്ചു

മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രു സിമണ്ട്സ് (46) അന്തരിച്ചു. ഓസ്‌ട്രേലിയയിലെ ക്വീസ്ലന്‍ഡില്‍ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു സിമണ്ട്സ്.

എല്ലാ ഫോര്‍മാറ്റിലും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ വിശ്വസ്തനായിരുന്നു ആന്‍ഡ്രു സിമണ്ട്‌സ്. തോല്‍വി ഉറപ്പിച്ച മത്സരങ്ങളില്‍ പോലും ജയം റാഞ്ചിയെടുത്ത് നിരവധി തവണ ഓസ്‌ട്രേലിയയുടെ രക്ഷകന്റെ ജേഴ്സി അണിഞ്ഞു സിമണ്ട്സ്. കരീബിയന്‍ കോണ്‍റോസ് സ്‌റ്റൈലിലെ മുടിയഴകും ചുണ്ടില്‍ വെളുത്ത ക്രീമും കളിക്കളത്തില്‍ ആന്‍ഡ്രൂ സിമണ്ട്സിനെ വ്യത്യസ്തനാക്കി. റിക്കി പോണ്ടിങിന്റ ക്യാപ്റ്റന്‍സിയില്‍ ഓസ്‌ട്രേലിയ ലോക ക്രിക്കറ്റിന്റെ തലപ്പത്ത് അജയ്യരായി നിന്ന കാലത്ത് ടീമിന്റെ നെടുംതൂണായിരുന്നു ആന്‍ഡ്രൂ സിമണ്ട്സ്.

ഫീല്‍ഡില്‍ നില്‍കുമ്പോള്‍ എതിര്‍ ബാറ്റ്‌സ്മാനെ സമ്മര്‍ദത്തിലാക്കാന്‍ പ്രത്യേക മിടുക്കുണ്ടായിരുന്നു ആന്‍ഡ്രൂവിന്. ഉന്നം തെറ്റാതെയുള്ള റണ്ണൗട്ടുകളായിരുന്നു സിമണ്ട്സ് സ്‌പെഷ്യല്‍. ഹര്‍ഭജന്‍ സിംഗിനെതിരെയുള്ള മങ്കിഗേറ്റ് വിവാദം ക്രിക്ക്രറ്റ് ലോകത്തെ വലിയ സംഭവമായിരുന്നു. ആന്‍ഡ്രൂ സിമണ്ട്‌സിന്റെ അപ്രതീക്ഷിത മരണം ലോക ക്രിക്കറ്റിനെ ഞെട്ടിച്ചിരിക്കുകയാണ്

ആന്‍ഡ്രൂ സിമണ്ട്സ്‌ന്റെ വിടവാങ്ങല്‍ പ്രതീക്ഷിക്കാത്തൊരു റണ്‍ ഔട്ട് പോലെയാണ്. കയ്യുറയും ഹെല്‍മെറ്റുമഴിച്ച ആന്‍ഡ്രൂ, നടന്നകലുകയാണ് വിശ്വസിക്കാനാവാതെ ക്രിക്കറ്റ് ലോകവും .