സിനിമകളില്‍ ഇപ്പോഴും സജീവമാണ് അമിതാഭ് ബച്ചന്. രണ്‍വീര്‍ കപൂര്‍ നായകനായി എത്തുന്ന ബ്രഹ്മാസ്ത്രയില് ഉള്‍പ്പെടെ അദ്ദേഹം നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തെ അഭിമുഖീകരിക്കേണ്ടിവന്നതിനെക്കുറിച്ച് എഴുതിയിരിക്കുകയാണ് താരം. തനിക്ക് 80 ആയെന്ന് പറഞ്ഞപ്പോള്‍ വീട്ടിലിരിക്കാന്‍ ഒരു കുട്ടി ഉപദേശിക്കുകയായിരുന്നുവെന്നാണ് അമിതാഭ് ബച്ചന് തന്റെ ബ്ലോഗില്‍ കുറിച്ചത്.
ആര്.ബി.ഐ ക്യാമ്പയിനു വേണ്ടി ജോലി ചെയ്യുമ്പോഴാണ് ആ സംഭവമെന്ന് അമിതാഭ് ബച്ചന് ഓര്‍ക്കുന്നു. അഞ്ചോ ആറോ വയസുള്ള ഒരു കുട്ടിയെ സെറ്റില്‍ വച്ചു കണ്ടു. ‘എക്സ്ക്യൂസ് മീ…നിങ്ങള്‍ക്കെത്ര വയസുണ്ട്’ എന്ന് റിഹേഴ്സലിന്റെ സമയത്ത് അവന് തന്നോട് ചോദിച്ചു. 80 എന്ന് മറുപടി പറഞ്ഞു. ‘ഓ, നിങ്ങളെന്തിനാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. തന്റെ അപ്പൂപ്പനും അമ്മൂമ്മയും വീട്ടിലിരുന്ന് വിശ്രമിക്കുകയാണ്. നിങ്ങളും അങ്ങനെ ചെയ്യൂ’, എന്നാണ് അവന് പറഞ്ഞത്. താനവനോട് ഒരു മറുപടിയും പറഞ്ഞില്ലെന്നും ആ അഞ്ചു വയസുകാരന്റെ തുറന്നുളള ചോദ്യം തന്നെ അതിശയിപ്പിച്ചെന്നും അമിതാഭ് ബച്ചന് പറഞ്ഞു.
ഷൂട്ടിംഗ് അവസാനിച്ചപ്പോള്‍ അവനോട് യാത്ര പറഞ്ഞു. ഒപ്പം ചിത്രങ്ങളെടുക്കുകയും ഓട്ടോഗ്രാഫ് കൊടുക്കുകയും ചെയ്തു. സെറ്റില്‍ നിന്നും പോകാന്‍ അവന് മനസിലുണ്ടായിരുന്നില്ല. അമ്മയുടെ നിര്‍ബന്ധപ്രകാരമാണ് അവന് പോയത്. അവന്റെ ചോദ്യം തന്നെ പിന്തുടര്ന്നുകൊണ്ടേയിരുന്നുവെന്നും അമിതാഭ് ബച്ചന് കൂട്ടിച്ചേര്‍ത്തു.
ബ്രഹ്മാസ്ത്രയ്ക്ക് പുറമേ വികാസ് ബഹലിന്റെ ഗുഡ്ബൈ, പ്രഭാസും ദീപിക പദുക്കോണും അഭിനയിക്കുന്ന പ്രൊജക്റ്റ് കെ, സൂരജ് ബര്‍ജാത്യ ചിത്രമായ ഉഞ്ചൈ എന്നിവയാണ് ബിഗ്ബിയുടെ മറ്റു ചിത്രങ്ങള്‍. അതേസമയം ബച്ചന് അവതാരകനായ കോന്‍ ബനേഗ ക്രോര്‍പതി സീസണ് 14 ഉടന്‍ തന്നെ സോണി ടിവിയില്‍ പ്രീമിയര്‍ ചെയ്യും.