വാഷിങ്ടണ്‍: പറക്കും കാറിന് നിയമാനുമതി നല്കി യു.എസ് ഗവണ്മെന്റ്. അലെഫ് എയറോനോട്ടിക്സിന്റെ പറക്കും കാറിനാണ് അമേരിക്കന്‍ ഗവണ്മെന്റിന്റെ നിയമാനുമതി ലഭിച്ചത്.
പറക്കും കാറിന് അനുമതി ലഭിച്ച കാര്യം കമ്പനിയാണ് അറിയിച്ചത്. യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ (എഫ്.എ.എ) പ്രത്യേക ആകാശഗമന യോഗ്യത സര്ട്ടിഫിക്കേഷന് ലഭിച്ചതായി കമ്പനി അറിയിച്ചു.
ഇതോടെ നിയമാനുസൃതമായി ഇത്തരം കാറുകള്‍ അമേരിക്കയില്‍ സഞ്ചരിക്കാമെന്ന് കമ്പനി അറിയിക്കുന്നു. ഇത്തരത്തിലുള്ള വാഹനത്തിന് യു.എസില്‍ ഇതാദ്യമായാണ് സര്ട്ടിഫിക്കേഷന് ലഭിക്കുന്നത്.
പൂര്‍ണ്ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനമാകുമിത്. 177 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ടുപേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. മൂന്ന് ലക്ഷം ഡോളറാണ് കാറിന്റെ വില.
പറക്കും കാറുകള്‍ 2025 അവസാനത്തോടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നിരവധി മുന്‍കൂര്‍ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്പനി സി.ഇ.ഒ ജിം ദുഖോവ്നി പറഞ്ഞിരുന്നു.
അതേസമയം റോഡിലുണ്ടാവുന്ന ട്രാഫിക്കിനും വാഹനാപകടങ്ങള്‍ക്കും മുകളിലൂടെ കാറിന് പറക്കാന്‍ സാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.