തെലുങ്ക് നടനും മുന്‍ കേന്ദ്രമന്ത്രിയുമായ ഉപ്പളപതി വെങ്കിട കൃഷ്ണം രാജു (82) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബു അടക്കം നിരവധി പേര് അദ്ദേഹത്തിന് അന്ത്യമോപചാരം അര്‍പ്പിക്കാനെത്തി.
ചിലക ഗോരിങ്ക എന്ന ചിത്രത്തിലൂടെ 1966ലാണ് കൃഷ്ണം രാജു സിനിമയിലെത്തിയത്. 185ലേറെ സിനിമകളില്‍ അഭിനയിച്ചു. മികച്ച നടനുള്ള ആദ്യ നന്തി അവാര്‍ഡ് ലഭിച്ചു. നടന് പ്രഭാസിന്റെ അമ്മാവനാണ് കൃഷ്ണം രാജു. പ്രഭാസിന്റെ രാധേശ്യാം എന്ന സിനിമയിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. റിബല്‍ സ്റ്റാര്‍ എന്നാണ് കൃഷ്ണം രാജു അറിയപ്പെട്ടിരുന്നത്.
1990 മുതല്‍ രാഷ്ട്രീയത്തിലും സജീവമായിരുന്നു കൃഷ്ണം രാജു. ബി.ജെ.പി ടിക്കറ്റില്‍ കാക്കി നാഡ, നരസാപുരം മണ്ഡലങ്ങളില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1999 മുതല്‍ 2004 വരെ വാജ്പേയി സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയായി പ്രവര്‍ത്തിച്ചു. ചിരഞ്ജീവി പ്രജാരാജ്യം പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ കൃഷ്ണം രാജു ആ പാര്‍ട്ടിലെത്തി. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.