‘പ്രധാനമന്ത്രി എന്റെ അഭിപ്രായം അംഗീകരിച്ചതില്‍ അഭിമാനം’; ഹിന്ദി ഭാഷാ വിഷയത്തില്‍ കിച്ചാ സുദീപ്

ഹിന്ദി ഭാഷയെ ചൊല്ലി കന്നട നടന്‍ കിച്ചാ സുദീപും ബോളിവുഡ് താരം അജയ് ദേവ്ഗണും വാക്ക് വാദങ്ങളില്‍ ഏര്‍പ്പെട്ടത് വാര്‍ത്തയായിരുന്നു. ഹിന്ദി ഭാഷ ദേശീയ ഭാഷയല്ലെന്നാണ് സുദീപ് പറഞ്ഞത്. സുദീപിന്റെ ട്വിറ്റിന് മറുപടിയുമായി അജയ് ദേവ്ഗണ്‍ രംഗത്തുവന്നതോടെയാണ് സംഭവം വിവാദമായത്.

ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കിച്ചാ സുദീപിന്റെ നിലപാട് സ്വാഗതം ചെയ്തിട്ടുണ്ട്. ഒരു പ്രശ്നം ഉണ്ടാക്കാനല്ല താന്‍ സംസാരിച്ചതെന്നും തനിക്ക് ക്യത്യമായ അജണ്ടകളൊന്നുമില്ലെന്നും കിച്ചാ സുദീപ് പറഞ്ഞു. താന്‍ പറഞ്ഞത് തന്റെ അഭിപ്രായം മാത്രമാണ്. പ്രധാനമന്ത്രി തന്റെ അഭിപ്രായം അംഗീകരിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കന്നട ഭാഷക്ക് വേണ്ടി മാത്രമല്ല, എല്ലാ ഭാഷകള്‍ക്കും വേണ്ടിയാണ് താന്‍ സംസാരിക്കുന്നത്. എല്ലാ മാതൃഭാഷകളും ഇന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനയിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. നരേന്ദ്രമോദിയെ ഒരു രാഷ്ട്രീയക്കാരന്‍ എന്നതിലുപരി ഒരു നേതാവായിട്ടാണ് തങ്ങള്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.