2016 ല്‍ നടന്ന പത്തനാപുരം ഉപതെരഞ്ഞെടുപ്പ് ശ്രദ്ധനേടിയത് സ്ഥാനാര്‍ത്ഥികളുടെ പ്രത്യേകതകൊണ്ടായിരുന്നു. ഗണേഷ്കുമാര്, ജഗദീഷ്, ഭീമന് രഘു എന്നിവരായിരുന്നു മത്സരിച്ചത്. ജയിക്കില്ലെന്നറിഞ്ഞിട്ടും പത്തനാപുരത്തുനിന്ന് മത്സരിച്ചതിന്റെ കാരണം പറയുകയാണ് നടന് ഭീമന് രഘു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഭീമന് രഘു ഇക്കാര്യം പറഞ്ഞത്.
ബിജെപിയുടെ ഒരു പ്രമുഖ നേതാവാണ് പത്തനാപുരത്തുനിന്ന് മത്സരിച്ചൂടേ എന്ന് പറഞ്ഞതെന്ന് ഭീമന് രഘു പറയുന്നു. പത്തനാപുരത്ത് നിന്ന് മത്സരിച്ചാലും ജയിക്കില്ലെന്ന് അറിയാമായിരുന്നു. അക്കാര്യം അദ്ദേഹത്തോട് പറയുകയും ചെയ്തു. വെറുതേ മത്സരിക്കാനാണ് പറഞ്ഞത്. രാഷ്ട്രീയത്തെപറ്റി പഠിക്കാമല്ലോ എന്നും പറഞ്ഞു. അതിന് ശേഷം അന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന് വിളിച്ചു. പത്തനാപുരത്ത് നിന്ന് മത്സരിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നുവെന്നും ഭീമന് രഘു പറഞ്ഞു.
പ്രചാരണത്തിനിറങ്ങിയപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ മനസിലായി. അവിടെയുള്ള ബിജെപിക്കാരില്‍ പലര്‍ക്കും ഗണേഷ് കുമാറിനെ വര്‍ഷങ്ങളായി അറിയാം. അവരെ ഗണേഷ് കുമാര്‍ സഹായിച്ചുവരുന്നുണ്ട്. അന്നേ താന്‍ ഗണേഷ് കുമാറിനോട് ‘വെറുതെ വന്നതാണെന്നും ജയിക്കാന്‍ പോകുന്നില്ലെന്നും’ പറഞ്ഞതായും ഭീമന് രഘു കൂട്ടിച്ചേര്‍ത്തു. ബിജെപിയില്‍ തനിക്ക് ഒരാളെ മാത്രമാണ് ഇഷ്ടം. അത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഇന്ത്യയെ വികസിപ്പിക്കാന്‍ മോദി നടത്തുന്ന ശ്രമങ്ങള്‍ ഇഷ്ടമാണെന്നാണ് ഭീമന് രഘു പറയുന്നത്.