ഓണ്‍ലൈന്‍ ക്ലാസില്‍ ഉടമയ്ക്കൊപ്പം മുടങ്ങാതെ പങ്കെടുത്ത പൂച്ചയ്ക്ക് ബിരുദം നല്കി സര്‍വകലാശാല. ഓസ്റ്റിനിലാണ് സംഭവം. ഫ്രാന്‍സെസ്ക എന്ന യുവതിയുടെ സുകി എന്ന പൂച്ചയ്ക്കാണ് ടെക്സസ് യൂണിവേഴ്സിറ്റി ബിരുദം നല്‍കിയത്. ബിരുദ ദാന ചടങ്ങില്‍ ധരിക്കുന്ന മഞ്ഞ ഗൗണും, കറുത്ത തൊപ്പിയും ധരിച്ച് ഗമയില്‍ ഇരിക്കുന്ന സുകിയുടെ ചിത്രം ഇപ്പോള്‍ വൈറലാണ്.
കൊവിഡ് മഹാമാരി കാരണം എല്ലാവര്ക്കും എന്ന പോലെ ഫ്രാന്സെസ്കയ്ക്കും ഓണ്‍ലൈന്‍ ക്ലാസായിരുന്നു. ദിവസവും അവള് സൂം ക്ലാസ്സുകളില്‍ പങ്കെടുക്കുമ്പോള്‍ അവളുടെ അടുത്ത് സുകിയും ഇരിപ്പുണ്ടാകും. ക്ലാസുകള്‍ തീരുന്നത് വരെ സുകി അതും നോക്കി ഇരിക്കും. ഒരു ക്ലാസ് പോലും മുടങ്ങാതെ പങ്കെടുക്കുന്ന അര്‍പ്പണബോധമുള്ള ഒരു വിദ്യാര്‍ത്ഥിയായിരുന്നു സുകിയെന്ന് ഫ്രാന്‍സെസ്ക ഓര്‍ക്കുന്നു. സുകിയുടെ ഈ താത്പര്യം കണ്ടാണ് തനിക്ക് ബിരുദം ലഭിച്ചപ്പോള്‍ അവളെ കൂടി പരിഗണിച്ചതെന്നും ഫ്രാന്‍സെസ്ക പറയുന്നു.
മഹാമാരി സമയത്ത് താന്‍ കൂടുതല്‍ സമയവും തന്റെ അപ്പാര്‍ട്ട്മെന്റില്‍ തന്നെയായിരുന്നു എന്ന് ഫ്രാന്‍സെസ്ക പറയുന്നു. പൂച്ചയും തന്റെയൊപ്പമുണ്ടാകും. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ലാപ്ടോപ്പ് തുറന്നാല്‍ സുകിയുടെ ഭാവം മാറുമെന്ന് ഫ്രാന്‍സെസ്ക പറയുന്നു. സുകി പിന്നെ ഫുള്‍ അറ്റെന്ഷനായിരിക്കും. ഓരോ ക്ലാസും ലാപ്ടോപ്പിന് സമീപമിരുന്ന് അവള് ആകാംക്ഷയോടെ കേള്‍ക്കും. അവളുടെ മട്ടു കണ്ടാല്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ചിരിക്കുന്നത് പോലെയാണ്. അവള് എപ്പോഴും എന്റെ ലാപ്ടോപ്പില്‍ നോക്കി ഇരിക്കുമായിരുന്നു ഫ്രാന്‍സെസ്ക കൂട്ടിച്ചേര്‍ത്തു.