യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ ദുബായില്‍ ഒളിവിലായിരുന്ന വിജയ് ബാബു നാട്ടിലെത്തി. ഇന്ന് രാവിലെ 9.30 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലാണ് അദ്ദേഹം എത്തിയത്. കോടതിയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും പൊലീസുമായി പൂര്‍ണമായും സഹകരിക്കുമെന്നും വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യം പുറത്തു വരുമെന്നും വിജയ് ബാബു കൂട്ടിച്ചേര്‍ത്തു. വിജയ് ബാബുവിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തേക്കും.
പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ വിദേശത്തേക്ക് കടന്ന വിജയ് ബാബുവിനെ തിരികെയെത്തിക്കാന്‍ അന്വേഷണസംഘം നടത്തിയ ശ്രമം നേരത്തെ പരാജയപ്പെട്ടിരുന്നു. മടങ്ങിയെത്തിയാല്‍ മാത്രമേ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളുവെന്ന് കോടതിയും നിലപാടെടുത്തു. വിദേശത്ത് കഴിയുന്ന പ്രതി ഒളിവില്‍ പോകാനുള്ള സാധ്യത കൂടി മുന്‍നിര്‍ത്തിയാണ് കോടതി ഇന്നലെ വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. മാര്‍ച്ച് മാസം 16, 22 തീയതികളില്‍ വിജയ് ബാബു തന്നെ പീഡിപ്പിച്ചെന്ന് യുവനടി നല്കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.