മധ്യപ്രദേശില്‍ 30 വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്പ്പ് നല്കി. തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ജെയിന് പബ്ലിക് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ രക്ഷിതാക്കള്‍ ഇതിനെ ചോദ്യം ചെയ്തു. മറുപടി കേട്ട് രക്ഷിതാക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.
ഒരു സിറിഞ്ച് മാത്രമാണ് അധികൃതര്‍ അയച്ചതെന്നും ഇത് ഉപയോഗിച്ച് എല്ലാ കുട്ടികള്‍ക്കും കുത്തിവയ്പ് നല്‍കാനാണ് തനിക്ക് കിട്ടിയ ഉത്തരവെന്നുമാണ് വാക്സിനേറ്ററായ ജിതേന്ദ്ര മറുപടി നല്‍കിയത്. വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ജിതേന്ദ്രയുടെ വിഡിയോ പകര്‍ത്തി.
ഒന്നിലധികം ആളുകള്‍ക്ക് കുത്തിവയ്ക്കാന്‍ ഒരു സിറിഞ്ച് ഉപയോഗിക്കരുതെന്ന് അറിയില്ലേ എന്ന ചോദ്യത്തിന് അത് തനിക്കറിയാം എന്നാണ് അയാള്‍ മറുപടി കൊടുക്കുന്നത്. തനിക്ക് തന്നത് ഒരു സിറിഞ്ച് മാത്രമാണെന്നും അയാള്‍ പറഞ്ഞു. ഇത് ഉപയോഗിച്ചാണോ മുഴുവന്‍ കുട്ടികള്‍ക്കും വാക്സിനേഷന് നല്‍കേണ്ടത് എന്ന് ചോദിച്ചപ്പോള്‍ തന്റെ മേലുദ്യോഗസ്ഥര്‍ അതെ എന്നാണ് മറുപടി പറഞ്ഞത്. അപ്പോള്‍ ഇവിടെ താന്‍ എങ്ങനെ കുറ്റക്കാരനാകും. തന്റെ ഭാഗത്ത് എവിടെയാണ് തെറ്റ്. അവര്‍ ഉത്തരവിട്ടത് പോലെ താന്‍ ചെയ്തു എന്നും വാക്സിനേറ്റര്‍ പറയുന്നു.