ആണ്‍കുട്ടിക്ക് ജന്മം നല്‍കാനുള്ള പ്രത്യേക പൂജ എന്ന പേരില്‍ യുവതിയെ പൊതുമധ്യത്തില്‍ നഗ്നയായി കുളിക്കാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് പൂനെ പൊലീസ് ഭര്‍ത്താവും മന്ത്രവാദിയുള്പ്പെടെയുള്ള നാല് പേര്‍ക്കെതിരെ കേസെടുത്തു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തതായി പൂനെയിലെ ഭാരതി വിദ്യാപീഠ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ ജഗന്നാഥ് കലാസ്കര്‍ പറഞ്ഞു. 2013 മുതല്‍ സ്ത്രീധനത്തിന്റെ പേരിലും ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന്റെ പേരിലും ഭര്‍തൃവീട്ടുകാര്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. പല അവസരങ്ങളിലും ഭര്‍തൃ വീട്ടുകാര്‍ തന്നെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയിട്ടുണ്ടെന്നും യുവതി പൊലീസിന് മൊഴി നല്കി.
ബിസിനസ് ആവശ്യങ്ങള്‍ക്കാണെന്ന് പറഞ്ഞ് ഭര്‍ത്താവ് വ്യാജ ഒപ്പിട്ട് തന്റെ വസ്തു പണയപ്പെടുത്തി 75 ലക്ഷം രൂപ കൈപ്പറ്റിയതായും യുവതി ആരോപിച്ചു. യുവതിയുടെ പരാതിയില്‍ പൂനെ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.