മലയാളത്തിലെ സിനിമാ സീരിയൽ സഹസംവിധായകനായ ശരത് സത്യയുടെ കുറിപ്പാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ശരത് പറയുന്നത് ഇങ്ങനെയാണ്. സീരിയലിനെ പുച്ചിക്കുന്നവർക്ക് വേണ്ടി മാത്രമുള്ള പോസ്റ്റാണിത്. ഞാൻ ശരത് സത്യാ, ഏഴുവർഷമായി സിനിമാ-സീരിയൽ രംഗത്ത് സഹസംവിധായകനായി പ്രവർത്തിക്കുന്നു. കൂടുതലും സീരിയലാണ് ചെയ്യുന്നത്. കാലങ്ങളായി സീരിയൽ രംഗത്ത് കേട്ടുവരുന്ന ഒരു അപവാദമാണ് ഇപ്പോൾ ഒരു പോസ്റ്റ് ഇടാൻ പ്രേരിപ്പിച്ചത്. കുറേ ആയി ഈ വിഷയം സംസാരിക്കണം എന്ന് വിചാരിക്കുന്നു. കാർത്തികേയൻ്റെ ഭാഷ കടമെടുത്താൽ കുറച്ച് ബിസിയായിരുന്നു ടൈം കിട്ടിയില്ല. ഇപ്പോ എന്തായാലും അടച്ചു പൂട്ടി വീട്ടിൽ ഇരിക്കുവാണല്ലോ ചുമ്മാ അങ്ങു പറഞ്ഞേക്കാം എന്ന് കരുതി.
എൻറെ അടുത്ത് കുറച്ചു സുഹൃത്തുക്കൾ പലപ്പോഴായി എന്നോട് ചോദിച്ചിട്ടുണ്ട്. നിനക്ക് സീരിയൽ വിട്ട് സിനിമയിൽ വർക്ക് ചെയ്തുടെ എന്ന്. തൃപ്തികരമായ ഒരു മറുപടി എൻറെ കയ്യിൽ ഉണ്ടായിരുന്നു. ഇന്നുമുണ്ട്. സീരിയലിൽ വർക്ക് ചെയ്യുന്ന എല്ലാം സംവിധാനം സഹായികളും സഹസംവിധായകനും എൻറെ ആത്മ മിത്രങ്ങളാണ്. ഏഴോളം സിനിമകളിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും കൃത്യമായ വേതനം കിട്ടിയിട്ടില്ല എന്നതാണ് സത്യം. സീരിയൽ ആകുമ്പോൾ മാസം അക്കൗണ്ടിൽ കൃത്യമായി പൈസ വരും. അങ്ങനെയാണ് തൽക്കാലം സീരിയലിൽ നിൽക്കാം എന്ന് തീരുമാനിക്കുന്നത്. എല്ലാ സിനിമയും അങ്ങനെയല്ല എന്ന് പറയണമല്ലോ.
പിന്നെ ഇന്ന് താരതമ്യത്തിൽ ഒക്കെ മൂർച്ച വളരെ കൂടിയിട്ടുണ്ട്. കാരണം ആളുകൾ ഒരുവിധം എല്ലാ കണ്ടൻ്റും കാണുന്നുണ്ട്. പണ്ടൊക്കെ അന്യഭാഷാ ചിത്രങ്ങളുടെയോ അല്ലെങ്കിൽ ഇന്ത്യയിലെ തന്നെ വേറെ ഏതെങ്കിലും ഭാഷ ചിത്രങ്ങൾ ഇറങ്ങി എങ്കിൽ അത് കാണുവാൻ ബുദ്ധിമുട്ടാണ്. നമ്മൾ അതിൻറെ സിഡി തപ്പി ഒരുപാട് നടക്കണം. പിന്നെ ഫിലിം ഫെസ്റ്റിവലുകളും ഒരു ആശ്വാസമായിരുന്നു.
എന്നാൽ ഇന്ന് സാഹചര്യം മാറി. വളരെ എളുപ്പത്തിൽ തന്നെ ചിത്രങ്ങളെല്ലാം സിനിമാപ്രേമികളുടെ അടുത്ത് എത്തുന്നുണ്ട്. സിനിമയോടുള്ള ആളുകളുടെ കാഴ്ചപ്പാട് തന്നെ മാറിയിരിക്കുന്നു. പണ്ടായിരുന്നെങ്കിൽ കപടസദാചാരം പറഞ്ഞു എ സർട്ടിഫിക്കറ്റ് കൊടുത്തു വ്യാഴാഴ്ച മാറ്റിനിക്ക് മാത്രം പ്രദർശിപ്പിക്കപ്പെടുന്ന ഒരു സിനിമയായി മാറുമായിരുന്നു സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി. ഇന്ന് സിനിമാപ്രേമികളുടെ ആസ്വാദന നിലവാരം വളരെ ഉയർന്ന തലത്തിലാണ്. ഇത്രയൊക്കെ സിനിമ മാറിയിട്ടും നിങ്ങളുടെ സീരിയൽ ഒരു മാറ്റവുമില്ല ഇതാണ് പ്രശ്നം. കുറേ കണ്ണീരിനും അവിഹിതവും അമ്മായിയമ്മ പോരും ഇതല്ലേ നിങ്ങളുടെ സീരിയൽ. ഇതിൻറെ മറുപടിയിലേക്ക് വരാം.
സിനിമയിലും സീരിയലിലും ആയി 25 കൂടുതൽ സംവിധായകരുമായു വർക്ക് ചെയ്യാൻ ഭാഗ്യം ലഭിച്ച ആളാണ് ഞാൻ. ഇതേ സംശയം ഞാൻ ഒരാളോട് ചോദിച്ചിട്ടുണ്ട്. സർ ഇവിടെ ലോകസിനിമയെ പ്രണയിക്കുന്നവരുടെ എണ്ണം കൂടുന്നു. നമുക്ക് മാറണ്ടേ. ഈ കണ്ണീരും കിനാവും അമ്മായി അമ്മ പോരും മാറ്റണ്ടെ? അതിനൊക്കെ അദ്ദേഹത്തിനുള്ള മറുപടി ഇതായിരുന്നു. ഒരു കാര്യവുമില്ല ശരത്തെ. സീരിയൽ എന്ന് പറഞ്ഞാൽ ഇതാണ് പ്രത്യേകിച്ച് മെഗാസീരിയൽ. അത്തരത്തിലുള്ള പ്രേക്ഷകരാണ് ഇത് കാണുന്നത്. അവർക്ക് കുറച്ച് അവിഹിതവും അമ്മായിമ്മ പോരും പൈങ്കിളിയും കണ്ണീരും കാണാനാണ് ഇഷ്ടം. ഞാനപ്പോൾ തർക്കിച്ചു, എങ്കിലും പിന്നീട് സാർ പറഞ്ഞതാണ് സത്യം എന്ന് കാലം തെളിയിച്ചു.
സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന വർണ്ണപ്പകിട്ട് എന്ന ന്യൂജൻ സീരിയലിലും അത്ര ആരാധകർ ഇല്ല എന്ന് പറഞ്ഞുകൊണ്ട് തെളിവുകൾ നിരത്തുന്നുണ്ട് ശരത്. സീരിയൽ ഭൂരിഭാഗം കാഴ്ചക്കാരും അമ്മമാരും അമ്മൂമ്മമാരും ആണെന്നും അവർക്ക് അത് മതി എന്നും ശരത് പറയുന്നു. അവർ അതിനു വാശിപിടിക്കുന്നത് കൊണ്ടാണെന്നും അല്ലാതെ അവരെ അടിച്ചേല്പ്പിക്കുന്നത് അല്ല എന്നും പറയുന്നുണ്ട് അദ്ദേഹം. മാറ്റം വരുത്തിയാൽ അവരെ സ്വീകരിക്കില്ല എന്നും കൂട്ടിച്ചേർത്തു ശരത്. തന്നെപ്പോലെ ഒരുപാട് സിനിമയെ സ്വപ്നം കാണുന്ന സഹസംവിധായകർ സീരിയലിൽ ഉണ്ടെന്നും ഒരുനാൾ പ്രേക്ഷകർ തങ്ങൾക്ക് വേണ്ടിയും തങ്ങളുടെ സിനിമ കണ്ട് കയ്യടിക്കുമെന്നും ശരത് പറഞ്ഞു നിർത്തുന്നു.