ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ട സംവിധായകരിൽ ഒരാളാണ് ശങ്കർ. കാലത്തിനും വളരെ മുൻപ് സഞ്ചരിച്ച അപൂർവ്വം സംവിധായകരിൽ ഒരാൾ. നമ്മുടെയെല്ലാം കുട്ടിക്കാലത്ത് നമ്മൾ അത്ഭുതത്തോടെ കണ്ടു തീർത്ത ഒരുപാട് സിനിമകൾ ഇദ്ദേഹം സംവിധാനം ചെയ്തതായിരുന്നു. ഇന്ത്യൻ 2 എന്ന സിനിമയാണ് ശങ്കർ അടുത്തതായി സംവിധാനം ചെയ്യുന്നത്. കമലഹാസൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇന്ത്യൻ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇത്. കഴിഞ്ഞവർഷം ആയിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. എങ്കിലും പല കാരണങ്ങൾ കൊണ്ട് ചിത്രീകരണം താൽക്കാലികമായി നിർത്തി വെക്കുകയാണ് ഉണ്ടായത്.
ലൈക്ക പ്രൊഡക്ഷൻ ഹൗസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോൾ നിർമ്മാതാക്കൾ സംവിധായകനെതിരെ കോടതി കയറി ഇരിക്കുകയാണ്. ഇന്ത്യൻ 2 എന്ന സിനിമയുടെ ചിത്രീകരണം അവസാനിക്കുന്നതു വരെ ശങ്കർ മറ്റൊരു സിനിമയുടെയും ഭാഗമാകാൻ പാടില്ല എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഇന്ത്യൻ 2 സിനിമയുടെ ചിത്രീകരണം അവസാനിക്കുന്നതിനു മുൻപ് ആയിരുന്നു റാം ചരൺ തേജ നായകനാകുന്ന സിനിമയുടെ ചിത്രീകരണം ശങ്കർ ഏറ്റെടുത്തത്. ദിൽ രാജു ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇതിനൊപ്പം തന്നെ രൺവീർ സിംഗ് നായകനാകുന്ന മറ്റൊരു ഹിന്ദി ചിത്രവും ശങ്കർ തുടങ്ങുവാൻ തീരുമാനിച്ചു. വിക്രം നായകനായ സൂപ്പർഹിറ്റ് ചിത്രം അന്യൻ ബോളിവുഡ് റീമേക്ക് ആണ് ഇത്.
ഇപ്പോൾ ലൈക പ്രൊഡക്ഷൻസ് ആവശ്യപ്പെടുന്നത് ഇന്ത്യൻ 2 ചിത്രീകരണം അവസാനിക്കുന്നതുവരെ ശങ്കർ മറ്റൊരു സിനിമയുടേയും ഭാഗമാക്കുവാൻ പാടില്ല എന്നാണ്. 150 കോടിയാണ് സിനിമയ്ക്ക് ആദ്യം ഇട്ട ബഡ്ജറ്റ്. എന്നാൽ ഇതിനോടകം 230 കോടിയോളം രൂപ ചിലവാക്കി കഴിഞ്ഞു. 40 കോടി ആയിരുന്നു ശങ്കറിന് നിശ്ചയിച്ച ശമ്പളം. ഇതിൽ ഏകദേശം 14 കോടി രൂപയോളം നൽകി കഴിഞ്ഞു എന്നും നിർമാതാക്കൾ പറയുന്നു. അതുകൊണ്ട് ഈ സിനിമയുടെ ചിത്രീകരണം എത്രത്തോളം വൈകുന്നു അതിനനുസരിച്ച് അവരുടെ നഷ്ടം കൂടി വരുമെന്നുമാണ് നിർമ്മാതാക്കൾ പറയുന്നത്. എന്നാൽ കോടതി ശങ്കറിനെ മറ്റു സിനിമകൾ സംവിധാനം ചെയ്യുന്നതിൽ ഒന്നും വിലക്കുവാൻ വിസമ്മതിച്ചു. ഇതിൽ കോടതിക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിക്കില്ല എന്നും കക്ഷികൾ രണ്ടുപേരും കോടതിക്ക് പുറത്ത് സെറ്റിൽമെൻ്റിന് തയ്യാറാകണമെന്നും ആയിരുന്നു കോടതി നിർദേശിച്ചത്.
നടൻ വിവേക് ഇന്ത്യൻ രണ്ട് ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിൻറെ വിയോഗം ഇപ്പോൾ ഇന്ത്യൻ രണ്ട് നിർമാതാക്കളെയും വിഷമത്തിൽ ആഴ്ത്തി ഇരിക്കുകയാണ്. വിവേക് ഉൾപ്പെടുന്ന നിരവധി രംഗങ്ങൾ ചിത്രീകരിച്ചു കഴിഞ്ഞിരുന്നു. ഈ രംഗങ്ങൾ വീണ്ടും ഷൂട്ട് ചെയ്യണം എന്നാണ് നിർമാതാക്കൾ ആവശ്യപ്പെടുന്നത്. ശങ്കർ അനുഭാവപൂർവ്വം ആയിട്ടാണ് പ്രതികരിച്ചത്. വിവേക് ഉൾപ്പെട്ട രംഗങ്ങൾ മറ്റൊരു നടനെ വച്ച് വീണ്ടും ചിത്രീകരിക്കും എന്നാണ് ശങ്കർ അറിയിച്ചത്.