അന്താരാഷ്ട്ര കരിയറില്‍ 100 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മൊഹാലിയില്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു വിരാടിന്റെ നൂറാം ടെസ്റ്റ്. നൂറ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ താരത്തെ ഇന്ത്യന്‍ ടീം ആദരിച്ചു. പരിശീലകന് രാഹുല്‍ ദ്രാവിഡ് വിരാടിന് സ്പെഷ്യല്‍ ടെസ്റ്റ് ക്യാപ് കൈമാറി.
ഇന്ന് ടോസിന് ശേഷമാണ് പരിശീലകരും സഹതാരങ്ങളും കോലിയെ ആദരിക്കുന്ന ചടങ്ങ് നടത്തിയത്. വരാനുള്ള ഒരുപാട് നല്ല കാര്യങ്ങളുടെ തുടക്കമാവട്ടെ എന്ന് പ്രത്യാശിക്കുന്നുവെന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ധൈര്യം, കഴിവ്, അച്ചടക്കം എല്ലാം നിറഞ്ഞതായിരുന്നു നിങ്ങളുടെ യാത്ര. ഇത്രയും ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി എന്നതില്‍ മാത്രല്ല, സംഭവബഹുലമായ ഇത്രയും വലിയൊരു യാത്ര നടത്തിയതിലും നിങ്ങള്‍ക്ക് അഭിമാനിക്കാം. നിങ്ങള്‍ക്കും കുടുംബത്തിനും ആശംസകള്‍ നേരുന്നുവെന്നും ദ്രാവിഡ് പറഞ്ഞു.
തനിക്ക് സവിശേഷത നിറഞ്ഞ ദിവസമാണിതെന്നായിരുന്നു കോലി മറുപടി പറഞ്ഞത്. സഹതാരങ്ങളുടെ പൂര്‍ണ പിന്തുണയില്ലാതെ തനിക്ക് ഈ യാത്ര പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നില്ല. അവസരം നല്‍കിയതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോടും ബിസിസിഐയോടും താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും കോലി കൂട്ടിച്ചേര്‍ത്തു
അതിനിടെ ചടങ്ങില്‍ പങ്കെടുക്കുന്നതിന് ഗ്രൗണ്ടിലെത്തിയ ബോളിവുഡ് നടിയും വിരാടിന്റെ ഭാര്യയുമായ അനുഷ്ക ശര്‍മ്മയ്ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു. അനുഷ്ക എങ്ങനെ ഗ്രൗണ്ടിലെത്തിയെന്നും ഇത് നിയമവിരുദ്ധമല്ലേയെന്നുമാണ് ചിലരുടെ ചോദ്യം. അതേസമയം അനുഷ്കയേയും വിരാടിനേയും പലരും പിന്തുണയ്ക്കുകയും ചെയ്തു.