മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിനീത് ശ്രീനിവാസൻ. ഒരു ഗായകൻ എന്ന നിലയിൽ ആണ് താരം സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് നടനായും സംവിധായകനായും എല്ലാം താരം തിളങ്ങി. താരം സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്ത് എന്നീ സിനിമകളെല്ലാം തന്നെ ഇന്നും യുവാക്കൾക്കിടയിൽ ഒരു ഹരം തന്നെയാണ്. നിവിൻ പോളിയെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത് വിനീത് ശ്രീനിവാസനാണ് എന്ന പ്രത്യേകതയുമുണ്ട്.
ഇപ്പോൾ ഒരു ഓൺലൈൻ ചാനലിന് താരം നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. “ഞാൻ ദുൽഖർ സൽമാന് വേണ്ടി ആദ്യം ഒരു തിരക്കഥ എഴുതിയിരുന്നു. അന്ന് ദുൽഖർ സിനിമയിൽ വന്നിട്ടില്ല. ആദ്യഭാഗം ദുൽഖറിന് ഇഷ്ടപ്പെട്ടു. എന്നാൽ രണ്ടാമത്തെ ഭാഗം റീ വർക്ക് ചെയ്യുവാൻ പറഞ്ഞു. അതിനുശേഷമാണ് തിരക്കഥ അച്ഛന് വായിക്കാൻ കൊടുക്കുന്നത്. തിരക്കഥ എടുത്ത് ദൂരെ കളയാൻ ആയിരുന്നു അച്ഛൻ പറഞ്ഞത്. ഒരു പക്ഷേ അന്ന് ആ സിനിമ ചെയ്തിരുന്നുവെങ്കിൽ കടക്കാരനായി പോകുമായിരുന്നു” – വിനീത് ശ്രീനിവാസൻ പറയുന്നു.
“പിന്നീടാണ് മലർവാടി ആർട്സ് ക്ലബ് ചെയ്യുന്നത്. ദുൽഖറിനൊപ്പം എന്തായാലും ഒരു സിനിമ ഭാവിയിൽ ചെയ്യും. അതിനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്” – വിനീത് ശ്രീനിവാസൻ കൂട്ടിച്ചേർത്തു. അതേസമയം ഹൃദയം എന്ന ചിത്രമാണ് ഇനി അടുത്തതായി പുറത്തിറങ്ങാനുള്ളത്. പ്രണവ് മോഹൻലാൽ ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ 15 പാട്ടുകളാണ് ഉള്ളത്. ദർശന എന്ന് തുടങ്ങുന്ന ഗാനം നേരത്തെ തന്നെ വലിയ രീതിയിൽ തരംഗമായിരുന്നു. അടുത്തിടെ ചിത്രത്തിലെ ഉണക്കമുന്തിരി എന്ന ഗാനം റിലീസ് ചെയ്യുകയും വലിയ രീതിയിലുള്ള പ്രേക്ഷകപ്രീതി നേടുകയും ചെയ്തു. ഈ ഗാനമാലപിച്ചത് വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ചേർന്നാണ്. ജനുവരി 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്. എന്തായാലും ആരാധകർ എല്ലാം ഒരുപോലെ ഉറ്റുനോക്കുകയാണ് ഈ സിനിമയുടെ റിലീസിന് വേണ്ടി.