അസുഖം ബാധിച്ച മൃഗത്തെ പരിശോധിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി മൃഗഡോക്ടറെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം കഴിച്ചു. ബിഹാറിലെ ബെഗുസാരായില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ശ്യാം കുമാര്‍ ഝാ എന്ന മൃഗഡോക്ടറെയാണ് തട്ടിക്കൊണ്ടുപോയത്.
അസുഖമുള്ള ഒരു മൃഗത്തെ പരിശോധിക്കാന്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഘം ഡോക്ടറെ വിളിച്ചതെന്ന് ബന്ധു പറഞ്ഞു. അതിനുശേഷം 3 പേര് ചേര്‍ന്ന് ഡോക്ടറെ തട്ടിക്കൊണ്ടുപോയി. വീട്ടിലുള്ളവര്‍ ആകെ ഭയപ്പെട്ടു. തുടര്‍ന്ന് തങ്ങള്‍ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നും ബന്ധു പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മൃഗഡോക്ടറുടെ പിതാവ് പൊലീസില്‍ പരാതി നല്കി.
വരനെ തട്ടിക്കൊണ്ടുപോയി തോക്കിന്മുനയില് നിര്‍ത്തി വിവാഹം കഴിപ്പിക്കുക എന്നത് ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സാധാരണമാണ്. ‘പകദ്വാ വിവാഹ്’ എന്നാണ് ഇത് അറിയപ്പെടുന്നത്. സാമൂഹ്യമായും സാമ്പത്തികമായും മെച്ചപ്പെട്ട അവസ്ഥയിലുള്ളവരെ ആയിരിക്കും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോകുന്നത്. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്യും.