ജീവിതത്തിൽ ആദ്യമായി പ്രണയം തോന്നിയ വ്യക്തിയെ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടപ്പോൾ – നടി ഊർമിള ഉണ്ണിയുടെ കുറിപ്പ് വൈറൽ

നിരവധി മലയാള സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഊർമ്മിള ഉണ്ണി. ഒരു നർത്തകി എന്ന നിലയിലും സിനിമാ നടി എന്ന നിലയിലും വലിയ സ്വീകാര്യതയാണ് താരം കേരളക്കരയിൽ നേടിയെടുത്തത്. മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും അഭിനയിച്ച ഊർമ്മിള ഉണ്ണി ഇപ്പോൾ ബിഗ് സ്ക്രീനിൽ അത്ര സജീവമല്ല. ചില സ്വകാര്യ ചാനലുകൾ നടത്തുന്ന അഭിമുഖങ്ങളിൽ താരം മുഖം കാണിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ദിവസവും തൻറെ പുത്തൻ വിശേഷങ്ങൾ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. നിരവധി പ്രേക്ഷകരാണ് സോഷ്യൽ മീഡിയയിലൂടെ നടിയെ ഫോളോ ചെയ്യുന്നത്. ഇപ്പോഴിതാ തൻറെ അനുഭവങ്ങൾ സോഷ്യൽ മീഡിയ വഴി പ്രേക്ഷകരോട് പറയുകയാണ് താരം.

നടിയുടെ വാക്കുകൾ ഇങ്ങനെയാണ്. നാദ വിനോദങ്ങൾ. കൗമാര കാലത്ത് എല്ലാവർക്കും സിനിമയോട് ഒരു വല്ലാത്ത ഭ്രമം തോന്നും. ചിലർക്ക് അത് ജീവിതാവസാനം വരെ നില നിൽക്കും. ചിലർക്ക് വഴിയിലെവിടെയോ കെട്ടുപോകും. എനിക്ക് കമലാഹസനോടായിരുന്നു അന്ന് ഭ്രമം. മദനോത്സവം ഒക്കെ പല തവണ തീയറ്ററിൽ പോയി കണ്ടിട്ടുണ്ട്. അന്ന് ശ്രീദേവിയും, കമലും തമ്മിൽ പ്രണയത്തിലാണെന്ന് സിനിമാ മാസികകളിൽ കണ്ടിരുന്നു. ചിലങ്ക എന്നൊരു സിനിമ തെലുങ്കിൽ റിലീസായി. ഉടനെ അത് മലയാളത്തിൽ ഡബ് ചെയ്തു വന്നു. എലൈറ്റ് ശാന്ത ചേച്ചി പറഞ്ഞു അതിലെ നായികക്ക് ഊർമ്മിളയുടെ ഛായ ഉണ്ടെന്ന്.

ആ ജയപ്രദയുടെ ഹിറ്റ് ചിത്രമായിരുന്നു സാഗരസംഗമം നാദ വിനോദങ്ങൾ എന്ന പാട്ട് കമലിനോടൊപ്പം കളിക്കുന്നത് ഞാനാണ് എന്നായിരുന്നു എന്റെ ഭാവം. പിന്നീടങ്ങോട്ട് ജയപ്രദയെ പോലെ സാരിയുടുക്കുക, റോസാ പൂവ് ചൂടുക, കൺ പീലി ഒട്ടിച്ച് കണ്ണെഴുതുക, കടുത്ത ലിപ്സ്റ്റിക്ക് ഇടുക തുടങ്ങിയ കലാ പരിപാടികളിലായി ശ്രദ്ധ. കൗമാരം തീർന്നതോടെ എന്റെ ഭ്രമങ്ങളും തീർന്നു.ഞാനും സിനിമയിൽ എത്തി. 30 വർഷം കഴിഞ്ഞാണ് രണ്ടു തമിഴ് സിനിമകൾ ചെയ്തത്. അന്ന് കുറച്ചു വർഷങ്ങൾ ഞാൻ ചെന്നെയിൽ താമസിച്ചിരുന്നു. ഏതോ ഒരു തമിഴ് സിനിമയുടെ പ്രമോഷൻ പരിപാടിക്കായി എനിക്കും ക്ഷണം കിട്ടി. വെറും കാഴ്ച കാരിയായിട്ടാണ് കേട്ടോ. അല്ലാതെ വേദിയിലെക്കല്ല. അവിടെ എത്തിയപ്പോഴാണറിഞ്ഞത് അന്നത്തെ മുഖ്യാതിഥി കമലാഹസനാണ്. ഈശ്വരാ, അടുത്തു കണ്ടാൽ ഒരു സെൽഫി എടുക്കായിരുന്നു. സിൽക്കു ജുബ്ബയൊക്കെ ഇട്ട് പ്രഭാ പൂർണ്ണനായി വേദിയിൽ നിൽക്കുന്ന കമലിനെ ദൂരെയിരുന്നു ഞാൻ കണ്ടു. ജനം ആർത്തു കയ്യടിക്കുന്നുണ്ട്. എങ്കിലും പാദസരം കിലുങ്ങാത്ത പ്രണയം വന്നെത്തിയ എന്റെ കൗമാരത്തിലേക്ക് ഞാൻ പടികളിറങ്ങിച്ചെന്നു.

ഹൃദയത്തിന്റെ ഉള്ളറയിൽ സൂക്ഷിച്ച രാത്രികളുടെ നിലാവിനെ കുറിച്ചോർത്തു. മുടി നീട്ടി പിന്നിയിട്ട് റോസാപൂ ചൂടി നടന്ന കോളേജ് വരാന്ത കളെ കുറിച്ചോർത്തു. ടേപ് റിക്കോഡർ ഓൺ ചെയ്ത് കുന്നിൻ മുകളിൽ കമലാ ഹസനോടൊപ്പം നാദ വിനോദങ്ങൾ കളിച്ചത് ഞാനല്ല എന്നതിരിച്ചറിവോടെ. ഇതിനോടകം ജയപ്രദ രാജ്യസഭാംഗത്വം നേടിയിരുന്നു. ഹിന്ദിയിലും, തെലുങ്കിലും നൂറുകണക്കിനു സിനിമകളിൽ നായികയായി. മലയാളത്തിൽ പ്രണയം എന്ന സിനിമയും. സിനിമയെന്ന ഒരേ തട്ടകത്തിൽ തന്നെയാണ് ഞാനും ജയപ്രദയും, കമലും ഒക്കെ ജോലി ചെയ്യുന്നത്. പക്ഷെ ഞാൻ അവരെയൊന്നും നേരിട്ടു കണ്ടിട്ടുപോലുമില്ല.വേദിയിലേക്ക് നിസ്സംഗതയോടെ നോക്കിയിരിക്കുമ്പോൾ എഴുതിത്തീരാത്ത ഏതോ സിനിമാക്കഥയിൽ ഞാൻ നഷ്ടപ്പെട്ടിരുന്നു. കണ്ടുമതിവരാത്ത ഒരു സിനിമയിലെ എന്റെ കഥാപാത്രത്തിനു വേണ്ടി പുനർജനിക്കാൻ കാത്തിരിക്കയാണു ഞാൻ. ഉരിയാടാൻ സ്വാതന്ത്ര്യമില്ലാത്ത കൗമാരത്തിന്റെ അടിതട്ടിലേക്ക് വീണ്ടും വീണ്ടും ഞാൻ പടികളിറങ്ങുകയായിരുന്നു എന്നായിരുന്നു ഊർമ്മിള ഉണ്ണിയുടെ കുറിപ്പ്.