എറണാകുളം ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു. ചേരാനല്ലൂര്‍ സ്വദേശികളായ അരുണ്‍ സെബാസ്റ്റ്യന്‍, ആന്റണി ഡി കോസ്റ്റ എന്നിവരാണ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് സ്റ്റേഷനില്‍ നിന്ന് ചാടിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം.
ലഹരി മരുന്ന്, പിടിച്ചുപറി അടക്കം നിരവധി കേസുകളില്‍ പ്രതികളാണ് ഇരുവരും. ഒരാളുടെ പേരില്‍ ഏഴും മറ്റൊരാളുടെ പേരില്‍ അഞ്ചും കേസുകളാണുള്ളത്. അരുണിനെ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയച്ചിരുന്നു. ഓണ്‍ലൈന്‍ വഴിയാണ് റിമാന്‍ഡ് ചെയ്തത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി കസ്റ്റഡിയില്വച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.