ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് രാജിവച്ചു. ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയതായി ബിപ്ലവ് കുമാര്‍ അറിയിച്ചു. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് രാജി എന്നാണ് സൂചന.
എല്ലാത്തിനും മുകളില്‍ പാര്‍ട്ടിയാണ് പ്രധാനമെന്ന് ബിപ്ലവ് കുമാര്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിനും നിര്‍ദേശത്തിനും കീഴിലാണ് താന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായും പിന്നീട് മുഖ്യമന്ത്രിയെന്ന നിലയിലും ത്രിപുരയിലെ ജനങ്ങളോട് നീതി പുലര്‍ത്താന്‍ താന്‍ ശ്രമിച്ചിട്ടുണ്ട്. ത്രിപുരയില്‍ സമാധാനവും വികസനവും ഉറപ്പാക്കാനും സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുമായിരുന്നു തന്റെ പ്രയത്നമെന്നും ബിപ്ലബ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ബിപ്ലവിന്റെ രാജിപ്രഖ്യാപനം. വെള്ളിയാഴ്ച ഡല്‍ഹിയിലുണ്ടായിരുന്ന ദേബ് ശനിയാഴ്ച രാവിലെ അഗര്‍ത്തലയില്‍ തിരിച്ചെത്തിയിരുന്നു. വൈകിട്ട് അഞ്ച് മണിക്ക് ബിജെപിയുടെ നിയമസഭാ കക്ഷിയോഗം ചേരുന്നുണ്ട്. അടുത്ത മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഈ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.