തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണശാലയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന ദിവാകരനാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.
ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തില്‍ ചികിത്സയിലായിരുന്ന ദിവാകരന് അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നുവെങ്കിലും രക്ഷിക്കാനായില്ല.
വൈകുന്നേരം 7 മണിയോടെയാണ് ദിവാകരന് മരണത്തിന് കീഴടങ്ങിയതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. എന്നാല്‍ ഇയാളുടെ മറ്റു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാള്‍ രാവിലെ മരിച്ചിരുന്നു. തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വന്‍ പടക്കശേഖരം പൊട്ടിത്തെറിച്ചാണ് നാടിനെയാകെ നടുക്കിയ അപകടമുണ്ടായത്.
പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തില്‍ നിന്നിറക്കുമ്പോള്‍ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്.
പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. സമീപത്തെ 45 ഓളം വീടുകള്‍ക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റര്‍ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി.
അരകിലോമീറ്റര്‍ അകലെ വരെ സ്ഫോടകാവശിഷ്ടങ്ങളുമെത്തി. ഒരു കിലോമീറ്റര്‍ അകലെ നിന്നും വരെ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.
രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. അടുത്തുളള വീടുകളെല്ലാം തകര്‍ന്നു. ആദ്യഘട്ടത്തില്‍ 25 വീടുകള്‍ക്ക് കേടുപാടുണ്ടായെന്നായിരുന്നു വിലയിരുത്തല്‍.
എന്നാല്‍ 45 ഓളം കെട്ടിടങ്ങള്‍ തകര്‍ന്നതായി പ്രദേശവാസികള്‍ പറഞ്ഞു. അനുമതിയില്ലാതെയാണ് സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ ഫയര്‍ഫോഴ്സും സ്ഥിരീകരിച്ചിട്ടുണ്ട്.