ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച വിഗ്രഹങ്ങള്‍ തിരിച്ചേല്‍പ്പിച്ച് കള്ളന്മാര്. ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയിലെ ബാലാജി ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച 16 വിഗ്രഹങ്ങളില്‍ 14 എണ്ണമാണ് കള്ളന്മാര് തിരിച്ചേല്‍പ്പിച്ചത്. ഇതിനൊപ്പം ഒരു കത്തുകൂടി വച്ചിരുന്നു.
എട്ട് ലോഹങ്ങളുടെ കൂട്ടില്‍ നിര്‍മ്മിച്ച അഷ്ടധാതു വിഗ്രഹങ്ങളടക്കമാണ് മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയത്. ഇതിന് കോടികള്‍ വിലവരും. തരൗണ്‍ഹയിലെ ഈ ബാലാജി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ആളുകളാണ് വിഗ്രഹം തിരികെ കൊണ്ടുവച്ചിരിക്കുന്നതായി കണ്ടത്.
വിഗ്രഹങ്ങള്‍ മോഷ്ടിച്ച ശേഷം തങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കള്ളന്മാര് കത്തില്‍ പറഞ്ഞത്. എപ്പോഴും ഓരോ ദുസ്വപ്നങ്ങള്‍ കണ്ട് ഞെട്ടിയുണരുകയാണെന്നും കത്തില്‍ പറഞ്ഞിരുന്നു. മോഷ്ടിക്കപ്പെട്ട് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് വിഗ്രഹവും കത്തും കണ്ടെത്തിയിരിക്കുന്നത്. മോഷണം പോയ ഈ വിഗ്രഹങ്ങള്‍ക്ക് 300 വര്‍ഷത്തിലേറെ പഴക്കമുണ്ട്.