ഓടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത് നിമിഷനേരം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ദൃശ്യം 2. ആദ്യ ഭാഗം പോലെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിലെ ജോര്‍ജ് കുട്ടി ആരാധകമനസില്‍ ആഴത്തില്‍ ഇറങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്. സിനിമ ഹിറ്റായതോടെ ഇതിന്റെ മൂന്നാം ഭാഗവും ഉണ്ടാവുമോ എന്ന ചോദ്യവും നിരന്തരം ഉയര്‍ന്നിരുന്നു. അതിനുള്ള ഉത്തരവും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നല്‍കിയിരുന്നു.
”ദൃശ്യം 3 സിനിമ ജീത്തുവിന്റെ മനസ്സിലുണ്ട്. അത് അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്നും മനസ്സിലായതാണ്. അതിനാല്‍ തന്നെ അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൃശ്യം 3 യിനെക്കുറിച്ച് ലാല്‍ സാറും ജീത്തുവും സംസാരിക്കുന്നുണ്ട്. ദൃശ്യം 3 ഞങ്ങളെല്ലാം ആഗ്രഹിക്കുന്നു ചിത്രം കൂടിയാണ്. ദൃശ്യം 2 ന് എല്ലാ ഭാഷയിലും റിമേക്ക് ഉണ്ടാകും. അതേസമയം ചിത്രം തിയറ്ററില്‍ റിലീസാകാത്തതില്‍ നിരാശയുണ്ട്. സിനിമ തിയറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കണമെന്ന് തന്നെ ആഗ്രഹമുള്ള ആളാണ് ഞാന്‍. പക്ഷേ ഇത് പ്രത്യേക കാലഘട്ടമാണ്. നിലനില്‍പ്പിന്റെ ഭാഗമായാണ് ഒടിടി റിലീസ്.” എന്ന മാറുപടിയാണ് ”ആന്റണി പെരുമ്പാവൂര്‍ നല്‍കിയത്.
ആന്റണിയുടെ വാക്കുകള്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകരില്‍ നല്‍കുന്നത്. ഇതിനിടെ ദൃശ്യം 3 യുടെ കഥ പറഞ്ഞ് നിരവധി പേര് എത്തിയിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തില്‍ അങ്ങനെയായിരിക്കും ഇങ്ങനെയായിരിക്കും എന്നിങ്ങനെയുള്ള ഊഹാബോഹങ്ങള്‍ ഉന്നയിച്ചിരുന്നു. ഇപ്പോള്‍ ഇതേ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് പ്രവചിച്ചിരിക്കുകയാണ് ഒരു യുവാവ്. ഇതിന്റെ വീഡിയോയും യുവാവ് പങ്കുവെച്ചിട്ടുണ്ട്.
വരുണ്‍ പ്രഭാകര്‍, പ്രഭാകറിന്റെയും ഗീതയുടെയും മകനല്ല എന്നാണ് യുവാവ് വീഡിയോയില്‍ പറയുന്നത്. ഇതിനുളള വിശദീകരണവും അയാള്‍ നല്‍കുന്നുണ്ട്. കൂടാതെ കോണ്‍സ്റ്റബിള്‍ സഹദേവനും ഒരു രംഗം തിരക്കഥയില്‍ ഉണ്ടെന്നും പറയുന്നു. രസകരമായ ദൃശ്യം 3 ക്ലൈമാക്സ് പ്രവചന വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
2013 ലെ ക്രൈം ഡ്രാമയായ ദൃശ്യത്തിന്റെ തുടര്‍ച്ചയാണ് ‘ദൃശ്യം 2’ ഒരുക്കിയത്. സംവിധായകന് ജീത്തു ജോസഫ് ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങളെ മുഴുവന്‍ രണ്ടാം ഭാഗത്തിലും നിലനിര്‍ത്തിയിട്ടുണ്ട്. ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മീനയാണ് നായിക വേഷത്തില്‍ എത്തിയത്.
സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളാണ് സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അന്‍സിബ, എസ്തര്, സായികുമാര്‍ എന്നിവര്‍. ദൃശ്യം 2 നിര്‍മ്മിച്ചത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു.