മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മിയ. കുറച്ചു വർഷങ്ങൾക്കു മുൻപ് ആയിരുന്നു താരം വിവാഹിതയായത്. ഏകദേശം ഒരു വർഷത്തിനുള്ളിൽ തന്നെ താരം അമ്മയാവുകയും ചെയ്തു. ഇപ്പോൾ കുട്ടിക്ക് ഒരു വയസ്സ് കഴിഞ്ഞിരിക്കുകയാണ്. വിവാഹം കഴിഞ്ഞ സമയത്ത് താരം സിനിമയിൽ നിന്നും ചെറിയ ഒരു ബ്രേക്ക് എടുത്തിരുന്നു. ഇപ്പോൾ സിനിമയിലേക്ക് ശക്തമായി തിരിച്ചു വരാൻ ഒരുങ്ങുകയാണ് താരം.
സിനിമയിൽ താരം കുശുമ്പുള്ള ഭാര്യ കഥാപാത്രങ്ങളെ നിരവധി അവതരിപ്പിച്ചിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിൽ താരം ഇങ്ങനെയാണോ എന്ന് ചോദ്യത്തിന് മിയ നൽകുന്ന ഉത്തരമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് – “അഭിമുഖങ്ങളിലൊക്കെ ഞാൻ സംസാരിക്കുന്നത് ആണ് എൻറെ യഥാർത്ഥ രീതി. ഇതുപോലെ തന്നെയാണ് ഞാൻ വീട്ടിലും എല്ലാവരോടും പെരുമാറുന്നത്. ഭാര്യയും അമ്മയും ഒക്കെ ആവുന്നത് നമ്മുടെ ജീവിതത്തിലേക്ക് വന്നു ചേരുന്ന കാര്യങ്ങളാണ്. അങ്ങനെയൊരു ഉത്തരവാദിത്വം കൂടി വന്നു എന്ന് കരുതി നമ്മളുടെ സ്വഭാവത്തിന് കാര്യമായ മാറ്റം വരണം എന്നൊന്നും ഇല്ല. എനിക്ക് മുമ്പുണ്ടായിരുന്ന സ്വഭാവം എന്താണ് അത് തന്നെയാണ് ഇപ്പോഴും എന്നാണ് തോന്നുന്നത്” – മിയ പറയുന്നു.
“ഞങ്ങൾ കൂട്ടുകാരികൾ എല്ലാം ഉള്ള ഒരു ഗ്രൂപ്പ് ഉണ്ട്. അതിൽ പലർക്കും കുട്ടികൾ ആയി. ഞങ്ങൾ ഇടയ്ക്കിടെ ഒരുമിച്ചു കൂടാറുണ്ട്. ആ സമയത്ത് പല കാര്യങ്ങളും ചർച്ച ചെയ്യാറുണ്ട്. അടുത്തിടെ വിവാഹത്തിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. പലരുടെയും വിവാഹം കഴിയുകയും പലർക്കും കുട്ടികൾ ആവുകയും ഒക്കെയായി. എന്നിട്ടും നമുക്ക് ആർക്കും തന്നെ മാനസിക വളർച്ച എത്തിയിട്ടില്ലല്ലോ എന്നാണ് കൂട്ടുകാരികൾ എല്ലാം പറയുന്നത്. ഞാനും അങ്ങനെ തന്നെയാണ്” – താരം കൂട്ടിച്ചേർത്തു.
“ഞാൻ ചെറുതായിരുന്ന സമയത്ത് പത്താം ക്ലാസിൽ പഠിക്കുന്നവർ എല്ലാം വലിയ ചേച്ചിമാർ ആണെന്നാണ് കരുതിയത്. എന്നാൽ ആ പ്രായം എത്തിയപ്പോൾ ആണ് അതൊന്നും അത്ര വലിയ പ്രായമല്ല എന്ന് മനസ്സിലായത്. ഇപ്പോൾ അമ്മയായിട്ടും അതൊന്നും വലിയ സംഭവമായി തോന്നുന്നില്ല. മനസ്സിൽ അങ്ങനെയൊരു ഫീലിംഗ് ഇല്ല. ഞാനും ഒരു കുട്ടിയാണ് എന്ന ചിന്തയിലാണ് ഇപ്പോഴും കഴിയുന്നത്” – താരം കൂട്ടിച്ചേർത്തു.