മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. മാളികപ്പുറം എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അതിനു മുൻപ് തന്നെ നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ ഇവർ അവതരിപ്പിച്ചിട്ടുണ്ട്. കല്ലു എന്ന കഥാപാത്രത്തെയാണ് മാളികപ്പുറം എന്ന സിനിമയിൽ ഇവർ അവതരിപ്പിച്ചിട്ടുള്ളത്. ധാരാളം ആരാധകരെയാണ് ഈ കൊച്ചു മിടുക്കി ഈ ചെറിയ പ്രായം തന്നെ നേടിയെടുത്തിട്ടുള്ളത്.
ഇവർ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഗു. ഈ സിനിമയുടെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി ദേവനന്ദ ധാരാളം അഭിമുഖങ്ങൾ നൽകിയിരുന്നു. ഇതിൽ ഒരു അഭിമുഖം വലിയ രീതിയിൽ വൈറലായി മാറുകയും ചെയ്തിരുന്നു. ഇതിനെതിരെ വലിയ രീതിയിലുള്ള ട്രോളുകൾ ആയിരുന്നു വന്നത്. എന്നാൽ ചിലത് പരിധി വീടുകയും ചെയ്തു. ഇപ്പോൾ ഇത്തരക്കാർക്കെതിരെ പരാതി നൽകിയിരിക്കുകയാണ് ദേവനന്ദയുടെ പിതാവ്.
എറണാകുളം റൂറൽ സൈബർ പോലീസ് സ്റ്റേഷനിൽ ആണ് ദേവനന്ദയുടെ പിതാവ് പരാതി നൽകിയിരിക്കുന്നത്. ദേവനന്ദയ്ക്ക് വേണ്ടിയാണ് ഇദ്ദേഹം പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ പകർപ്പ് ദേവനന്ദ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആളുകളാണ് ഇപ്പോൾ ഇവർക്ക് പിന്തുണയുമായി രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. പരാതിയുടെ ഉള്ളടക്കം ഇങ്ങനെയാണ്:
“ബഹുമാനപ്പെട്ട എസ്എച്ച്ഓ മുൻപാകെ ദേവനന്ദയ്ക്ക് വേണ്ടി ദേവനന്ദയുടെ പിതാവായ ജിബിൻ ബോധിപ്പിക്കുന്ന പരാതി – എൻറെ മകളുടെ ഏറ്റവും പുതിയ സിനിമയായ ഗൂ വിൻ്റെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി എൻറെ വീട്ടിൽ വച്ച് ഒരു ചാനലിന് മാത്രമായി നൽകിയ അഭിമുഖത്തിൽ നിന്നു ഞങ്ങളുടെ അനുവാദം ഇല്ലാതെ എന്റെ മകളെ സമൂഹമധ്യമത്തിൽ മനപൂർവ്വം അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കണ്ട് ക്രിയേറ്റേഴ്സ് എന്ന് അവകാശപ്പെടുന്ന കുറച്ച് വ്യക്തികൾ അവരുടെ ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം ചാനലുകളിലും പേജുകളിലും മുകളിൽ പറഞ്ഞ ചാനലിൽ വന്ന ഇൻറർവ്യൂവിൽ നിന്നും ഒരു ഭാഗം മാത്രം ഡൗൺലോഡ് ചെയ്ത് അവരുടെ സ്വന്തം വീഡിയോ കൂടി ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്തു. ഇവരുടെ ഈ പ്രവർത്തി കൊണ്ട് എന്റെ പത്തു വയസ്സുള്ള മകൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാവുകയും സമൂഹമധ്യത്തിൽ മനപൂർവ്വം അപമാനിക്കപ്പെടുകയും ചെയ്യുകയുണ്ടായിട്ടുണ്ട്. ഈ പ്രൊഫൈൽ ഡീറ്റെയിൽസ് അടുത്ത പേജിൽ കൊടുത്തിട്ടുള്ളവയാണ്. ഈ പ്രൊഫൈലിൽ അപ്ലോഡ് ചെയ്ത വീഡിയോകൾ എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യിക്കാനും ഈ വ്യക്തികളുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കുവാനും താഴ്മയായി അപേക്ഷിക്കുന്നു”.