മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഗായിക സുജാത മോഹൻ. ഇപ്പോൾ സുഹൃത്തിന് പിറന്നാൾ ആശംസകൾ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് താരം. താരം പങ്കുവെച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഗീത എന്ന വ്യക്തിയുടെ പിറന്നാളായിരുന്നു ഇന്ന്. ആരാണ് ഗീത എന്നും എന്തുകൊണ്ടാണ് അവരെ ഇത്ര ഇഷ്ടം എന്നും വിവരിക്കുകയാണ് സുജാത മോഹൻ ഈ കുറിപ്പിൽ. കുറിപ്പിൻ്റെ പൂർണ രൂപം ഇങ്ങനെയാണ്:
“ഞാൻ ഈ വീട്ടിലേക്ക് മരുമകളായി എത്തുമ്പോൾ എൻറെ നാത്തൂന് വയസ്സ് 14 ആയിരുന്നു. നാത്തൂൻ എന്നു പറയാൻ എനിക്ക് വിഷമമുണ്ട്. കാരണം എൻറെ കുഞ്ഞനുജത്തി തന്നെ ആയിരുന്നു സായി ഗീത. ഒന്നുമറിയാത്ത നിഷ്കളങ്കയായ ഒരു കൊച്ചു പെൺകുട്ടി. ഇന്ന് അവൾക്ക് 55 വയസ്സ് തികയുകയാണ് എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം ആണ്. എത്ര പെട്ടെന്നാണ് കാലം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഗീത ഇന്ന് ഏറ്റവും കഴിവുള്ള ഒരു വീട്ടമ്മയാണ്. ഒരുപാടുപേർ പറഞ്ഞുകേട്ടിട്ടുണ്ട് ശ്വേതയ്ക്ക് ഗീതയുടെ ഛായ ആണ് ഉള്ളത് എന്ന്. ഛായ മാത്രമല്ല ഗീതയുടെയും മോഹൻറെ അമ്മയുടെ സംഗീതവും അവൾക്ക് ഒരുപാട് പകർന്നു കിട്ടിയിട്ടുണ്ട്.
ചെന്നൈയിലെ കലാക്ഷേത്രയിൽ ആയിരുന്നു ഗീതാ സഗീതം അഭ്യസിച്ചിരുന്നത്. ആ സമയത്ത് ശ്വേതക്ക് ഒന്നോരണ്ടോ വയസ്സ് മാത്രമായിരുന്നു പ്രായം. ആഴ്ച അവസാനം ഞങ്ങളുടെ വീട്ടിലേക്ക് ഗീത വരുമായിരുന്നു. ഏറ്റവും സന്തോഷം ശ്വേതക്ക് ആയിരുന്നു. അവളുടെ പ്രിയപ്പെട്ട ചിറ്റയുടെ കൂടെ കളിക്കുവാൻ അത്രയധികം ഇഷ്ടമായിരുന്നു അവൾക്ക്. ഇന്നും അവൾ അങ്ങനെ തന്നെയാണ്. ചിറ്റ ആണ് അവളുടെ ഏറ്റവും ഫേവറേറ്റ്. ഗീതയ്ക്ക് ശശിക്കും മകൾ ഐശ്വര്യയ്ക്കും മരുമകൻ വിഷ്ണുവിനും ഒപ്പം എല്ലാ ഐശ്വര്യങ്ങളും നിറഞ്ഞ ഒരു ജീവിതം ഉണ്ടാവട്ടെ. ഞാൻ മനസ്സ് നിറഞ്ഞ് പ്രാർത്ഥിക്കുന്നു. ഇനി എത്ര വർഷങ്ങൾ കടന്നു പോയാലും നീ എനിക്ക് എന്നും ആ 14 വയസുള്ള ചെറിയ പാവാടക്കാരി തന്നെയാണ്” – സുജാത കുറിപ്പ് അവസാനിപ്പിക്കുന്നു.
നിരവധി ആളുകളാണ് സുജാതയുടെ നാത്തൂന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് പോസ്റ്റിനു താഴെ എത്തുന്നത്. ഗീതയ്ക്ക് 55 വയസ്സ് ഉണ്ടെങ്കിൽ സുജാതയ്ക്ക് അതിലും കൂടുതൽ പ്രായം ഉണ്ടോ എന്നാണ് കൗതുകത്തോടെ ആരാധകർ ചോദിക്കുന്നത്. പ്രിയപ്പെട്ട സുജാതയുടെ പ്രായമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ ചർച്ചാവിഷയമായി മാറ്റിയിരിക്കുന്നത്. ഗീത മാത്രമല്ല സുജാതയും ഞങ്ങൾക്ക് എന്നും ബേബി സുജാത തന്നെയാണ് എന്നാണ് ആരാധകർ പറയുന്നത്.