ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ആശ്വാസം. ബൗണ്‍സര്‍ കൊണ്ട് തലയ്ക്ക് പരുക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാനയ്ക്ക് ലോകകപ്പില്‍ കളിക്കാം. സ്മൃതിയുടെ പരുക്ക് സാരമുള്ളതല്ലെന്ന് വൈദ്യസംഘം വിലയിരുക്കി.
ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സന്നാഹ മത്സരത്തിനിടെയാണ് സ്മൃതിക്ക് പരുക്കേറ്റത്. 23 പന്തില്‍ 12 റണ്‍സെടുത്ത് നില്‍ക്കെയാണ് ബൗണ്‍സര്‍ സ്മൃതിയുടെ ഹെല്‍മറ്റില്‍ ഇടിച്ചത്. തുടര്‍ന്ന് റിട്ടയഡ് ഹര്‍ട്ടായി സ്മൃതി മടങ്ങുകയായിരുന്നു. താരത്തിന് മറ്റ് പ്രശ്നങ്ങളിലെന്നും മുന്‍കരുതലെന്ന നിലയിലാണ് റിട്ടയര്‍ ചെയ്തതെന്നും ടീം വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.
സന്നാഹമത്സരത്തില്‍ അവസാനം വരെ പൊരുതി നിന്ന ദക്ഷിണാഫ്രിക്കയെ ഇന്ത്യ രണ്ട് റണ്‍സിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടപ്പെടുത്തി 244 റണ്‍സെടുത്തു. വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സെഞ്ചുറി നേടി ടോപ്പ് സ്കോററായി. 58 റണ്‍സെടുത്ത യസ്തിക ഭാട്ടിയയും തിളങ്ങി. അക്കൗണ്ട് തുറക്കും മുമ്പേ ക്യാപ്റ്റന്‍ മിഥാലി രാജ് റണ്ണൗട്ടായിരുന്നു.