മാഗ്സസെ പുരസ്കാരം വാങ്ങുന്നതില്‍ നിന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെ സിപിഐഎം കേന്ദ്രനേതൃത്വം തടഞ്ഞതില്‍ വിശദീകരണവുമായി സീതാറാം യെച്ചൂരി. മാഗ്സസെ പുരസ്കാരം നിരസിച്ചത് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. വ്യക്തിപരമായ നേട്ടമല്ലാത്തതിനാലാണ് അവാര്‍ഡ് നിരസിച്ചത്. കൊവിഡ്-നിപ പ്രതിരോധം ഇടത് സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനമായിരുന്നു. രമണ്‍ മാഗ്സസെയുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയും അവാര്‍ഡ് നിരസിക്കാന്‍ കാരണമായെന്ന് യെച്ചൂരി വിശദീകരിച്ചു.
ഏഷ്യയിലെ നൊബേല്‍ സമ്മാനമെന്നാണ് മാഗ്സസെ പുരസ്കാരം അറിയപ്പെടുന്നത്. മുന്‍ ഫിലിപ്പിന്‍സ് പ്രസിഡന്റായ രമണ്‍ മാഗ്സസെയുടെ പേരിലുള്ള 64ആം പുരസ്കാരത്തിന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ ആണ് അവാര്‍ഡ് ഫൗണ്ടേഷന് പരിഗണിച്ചത്. നിപ, കോവിഡ് പ്രതിരോധങ്ങളില്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ നടത്തിയ ഇടപെടുകളാണ് അവാര്‍ഡിനായി പരിഗണിക്കാനുള്ള കാരണം. അവാര്‍ഡ് നല്‍കുന്നതിന്റെ ആദ്യ പടിയായി കെ.കെ ശൈലജയോട് ഓണ്‍ലൈന്‍ മുഖേന അവാര്‍ഡ് ഫൗണ്ടേഷന് ബന്ധപ്പെട്ടിരുന്നു. അതിന് ശേഷമാണ് നിരവധി പ്രമുഖരുടെ പട്ടികയില്‍ നിന്ന് കെ.കെ ശൈലജയെ അവാര്‍ഡിനായി തീരുമാനിച്ചത്. ഇതിന് പിന്നാലെ കെ.കെ ശൈലജ സിപിഐഎം കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. തുടര്‍ന്ന് സിപിഐഎം കേന്ദ്രനേതൃത്വം അടക്കം കൂട്ടായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് അവാര്‍ഡ് സ്വീകരിക്കേണ്ടതില്ല എന്ന നിലപാട് സ്വീകരിച്ചത്.
നിപ, കൊവിഡ് പ്രതിരോധം ഒരാള്‍ മാത്രം നടത്തിയതല്ല, അവാര്‍ഡ് ഫൌണ്ടേഷന് കോര്‍പറേറ്റ് ഫണ്ടിങ് ഉണ്ട്, രമണ്‍ മാഗ്സസെ ഫിലിപ്പീന്‍സിലും വിയറ്റ്നാമിലും അടക്കം കമ്യൂണിസ്റ്റ് ഗറില്ലകളെ കൊന്നൊടുക്കിയ ആളാണ് തുടങ്ങിയ കാര്യങ്ങളാണ് സിപിഐഎം നേതൃത്വം ചൂണ്ടിക്കാട്ടിയത്. സംഭവം വിവാദമായതോടെ കെ.കെ ശൈലജയും പ്രതികരിച്ചിരുന്നു. അവാര്‍ഡ് നിരസിച്ചത് കൂട്ടായ തീരുമാനമെന്നായിരുന്നു ശൈലജയും പറഞ്ഞത്.